ഉപയോഗിച്ച പിപിഇ കിറ്റുകളും ഫെയ്‌സ് മാസ്കുകളും ഇഷ്ടികകളാക്കി മാറ്റി ഇന്ത്യയുടെ ‘റീസൈക്കിള്‍ മാന്‍’

single-img
2 September 2020

പിപിഇ കിറ്റുകളും ഫെയ്‌സ് മാസ്കുകളും ഉപയോഗശേഷം ഇഷ്ടികകളാക്കി മാറ്റുകയാണ് ബിനീഷ് ദേശായ് എന്ന യുവാവ്. ‘റീസൈക്കിള്‍ മാന്‍ ഓഫ് ഇന്‍ഡ്യ’ എന്ന പേരിൽ അറിയപ്പെടുന്ന ഗുജറാത്ത് സ്വദേശിയാണ് ബിനീഷ് ദേശായ്. കക്ഷി ആഗോള പ്രശസ്തനാണ്. ഇന്‍ഡ്യയിലെ ഇന്നവേറ്റര്‍മാരുടെ മുന്‍നിരയിലാണ് പുള്ളിയുടെ സ്ഥാനം. പാഴ്‌വസ്തുക്കളില്‍ നിന്നും പുത്തൻ സൃഷ്ടികൾ രൂപകല്പനചെയ്യുക മാത്രമല്ല മറിച്ച് ബയോ വേസ്‌റ്റെന്ന വലിയ തലവേദനയ്ക്ക് കൂടുതല്‍ ക്രിയാത്മകമായി പരിഹാരം കണ്ടെത്തുകയെന്ന വലിയ വെല്ലുവിളിയും ബിനീഷിന് നിസാരം.ബിനീഷിന്‍റെ ബിഡ്രീം എന്ന കമ്പനിയാണ് വ്യാവസായിക മാലിന്യങ്ങള്‍ കെട്ടിടനിര്‍മ്മാണത്തിനായുള്ള അസംസ്‌കൃത വസ്തുക്കളായി മാറ്റുന്നത്. ബയോമെഡിക്കല്‍ വേസ്റ്റില്‍ നിന്ന് ഇഷ്ടികകളുണ്ടാക്കുന്നതാണ് ബിനീഷിന്‍റെ ഏറ്റവും പുതിയ ഇന്നവേഷന്‍.

പേപ്പര്‍ മില്ലുകളിലെ മാലിന്യങ്ങളില്‍ നിന്ന് ഇഷ്ടികകളുണ്ടാക്കുന്ന സൂത്രമായിരുന്നു ബിനീഷിന്‍റെ ആദ്യ ഇന്നവേഷന്‍. പി-ബ്ലോക് ബ്രിക്‌സ് എന്നായിരുന്നു ഇതറിയപ്പെട്ടിരുന്നത്. അതിന് ശേഷം ഇപ്പോള്‍ കോവിഡ്-19 അനുബന്ധ ബയോമെഡിക്കല്‍ വേസ്റ്റില്‍ നിന്നും ഇഷ്ടികകളുണ്ടാക്കുന്ന പുതിയ സാങ്കേതികവിദ്യ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ബിനീഷ് ദേശായ്.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിന് മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഇന്‍ഡ്യയില്‍ ദിവസവും 101 മെട്രിക് ടണ്‍ കോവിഡ്-19 അനുബന്ധ ബയോമെഡിക്കല്‍ വേസ്റ്റാണ് പുറന്തള്ളപ്പെടുന്നത്. സാധാരണഗതിയിലുള്ള ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ക്ക് പുറമെയാണ് ഈ ‘കോവിഡ് മാലിന്യം’. ദിവസവും 609 മെട്രിക് ടണ്‍ ബയോമെഡിക്കല്‍ വേസ്റ്റാണ് സാധാരണ നിലയില്‍ രാജ്യത്ത് പുറന്തള്ളപ്പെടുന്നത്. അത് പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം ചില്ലറയൊന്നുമല്ലലോ.

പി-ബ്ലോക്ക് 2.0 എന്നത് ബിനീഷിന്റെകയ്യിൽ ഭദ്രമാണ് , 52 ശതമാനം പിപിഇ (പേഴ്‌സണല്‍ പ്രൊട്ടക്റ്റിവ് എക്വിപ്‌മെന്‍റ് -വ്യക്തിഗത സുരക്ഷ ഉപകരണം) വസ്തുക്കളും 45 ശതമാനം പേപ്പര്‍ മാലിന്യവും ഇത് കൂട്ടിച്ചേര്‍ക്കാനുള്ള പശയും ചേര്‍ത്താണ് പുതിയ പി-ബ്ലോക്ക് ഇഷ്ടികകള്‍ ഉണ്ടാക്കുന്നത്. “പി-ബ്ലോക്കിന്‍റെ ആദ്യ പതിപ്പിന്‍റെ നിര്‍മാണപ്രക്രിയയ്ക്ക് സമാനമായി തന്നെയാണ് പുതിയ ഇഷ്ടികകളുമുണ്ടാക്കുന്നത്. നെയ്‌തെടുക്കാത്ത പിപിഇ വസ്തുക്കള്‍ അതിനോടൊപ്പം ചേര്‍ക്കുന്നു എന്നുമാത്രം. മാസ്കുകള്‍, ഗൗണുകള്‍, ഹെഡ് കവറുകള്‍ എല്ലാം ഇതില്‍ പെടും. എന്‍റെ വീട്ടിലെ ലാബിലായിരുന്നു ആദ്യ പരീക്ഷണങ്ങള്‍. അതിന് ശേഷം ഫാക്റ്ററിയിലും നിര്‍മ്മാണം ആരംഭിച്ചു,” ബിനീഷ് പറയുന്നു.

കട്ടകളുണ്ടാക്കുന്നതില്‍ വിജയം കണ്ടപ്പോള്‍ നാട്ടിലെ ലബോറട്ടറിയിലേക്ക് കുറച്ചെണ്ണം ബിനീഷ് അയച്ചു. ഇഷ്ടികയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും അനുമതിക്കും വേണ്ടിയായിരുന്നു അത്.