വെഞ്ഞാറമൂട്ടിലെ കൊലപാതകത്തിന് കാരണം മുൻവൈരാഗ്യമെന്ന് റിമാന്‍ഡ് റിപ്പോർട്ട്

single-img
1 September 2020

വെഞ്ഞാറമൂട്ടിലെ ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്താൻ കാരണം കടുത്ത മുൻ വൈരാഗ്യമാണെന്ന് റിമാന്‍ഡ് റിപ്പോർട്ട്. കൊലയ്ക്ക് പിന്നിലെ സംഘർഷങ്ങളുടെ തുടക്കം പാർലമെന്റ് തിരഞ്ഞെടുപ്പ്, കൊട്ടിക്കലാശത്തിനിടെ സംഘർഷമുണ്ടായെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രതികളും കൊല്ലപ്പെട്ടവരും തമ്മിൽ തേമ്പാമൂട് വച്ച് സംഘർഷമുണ്ടായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകൻ ഷഹിനെ ഏപ്രിൽ നാലിന് പ്രതികൾ ആക്രമിച്ചു. ഇപ്പോഴത്തെ കേസിലെ പ്രതികളായ സജീവ്, അജിത്ത്, ഷജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

കഴിഞ്ഞ മേയ് 25നും ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായി. ഡിവൈഎഫ്ഐ പ്രവർത്തകന്‍ ഫൈസലിനു നേരെ വധശ്രമവുമുണ്ടായി. ഈ കേസിൽ അറസ്റ്റ് ചെയ്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലയ്ക്കുള്ള ഗൂഢാലോചന നടന്നത് പുല്ലമ്പാറ മുത്തിക്കാവിലെ ഫാം ഹൗസിലാണെന്നും ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളും കണ്ടാലറിയാവുന്ന ചിലരും ഗൂഢാലോചനയുടെ ഭാഗമായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.