ടാറ്റാ നിർമ്മിച്ച കോവിഡ് ആശുപത്രി സംസ്ഥാന സര്‍ക്കാറിന് കൈമാറും

single-img
1 September 2020

കാസർകോട് ജില്ലയിൽ ടാറ്റാ നിർമ്മിച്ച കോവിഡ് ആശുപത്രി ഈ മാസം ഒന്‍പതിന് സംസ്ഥാന സര്‍ക്കാറിന് കൈമാറും. അന്നേദിവസം ഉച്ചയ്ക്ക് 12 ന് ചട്ടഞ്ചാല്‍ ടാറ്റ കോവിഡ് ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിക്കും. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ മുഖ്യപ്രഭാഷണം നടത്തും സംസ്ഥാന സര്‍ക്കാറിനു വേണ്ടി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവാണ് ആശുപത്രി ടാറ്റാ ഗ്രൂപ്പില്‍ നിന്ന് ഏറ്റുവാങ്ങുക.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എം എല്‍ എ എമാരായ കെ കുഞ്ഞിരാമന്‍ എന്‍ എ നെല്ലിക്കുന്ന്, എം സി ഖമറുദീന്‍, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍ എന്നിവരും ടാറ്റാ ഗ്രൂപ്പിന്റെ പ്രധാനപ്രതിനിധികളും ഉള്‍പ്പടെ ക്ഷണിക്കപ്പെട്ട 50് പേര്‍ പങ്കെടുക്കുന്ന ചടങ്ങിലാണ് ടാറ്റ കോവിഡ് ആശുപത്രി സംസ്ഥാന സര്‍ക്കാറിന് കൈമാറുക. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടായിരിക്കും ചടങ്ങ് സംഘടിപ്പിക്കുകയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കണ്‍സ്ട്രക്ഷന്‍ എക്വിപ്‌മെന്റ് ഓണേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആശുപത്രിയ്ക്ക് സ്ഥലം ഒരുക്കുന്നതിന് ജെ സി ബി ഉള്‍പ്പടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കുള്ള യന്ത്രങ്ങള്‍ ലഭ്യമാക്കിയത്. വിവിധ പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് ടാറ്റാ കോവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കുന്നതിന് സഹായിച്ചവരെ അനുമോദനപത്രം നല്‍കി ചടങ്ങില്‍ ആദരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.