കുറ്റവാളികളെ വെറുതെ വിടരുത്; പഞ്ചാബ് പോലീസിനോട് അഭ്യര്‍ത്ഥിച്ച് സുരേഷ് റെയ്ന

single-img
1 September 2020

യുഎഇയില്‍ നടക്കുന്ന ഈ സീസണിലെ ഐപിഎലിൽ നിന്ന് പിന്മാറിയ ശേഷം ആദ്യമായി മനസ്സു തുറന്ന് ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന. താരത്തിന്റെ നാടായ പത്താൻകോട്ടിലുണ്ടായ ആക്രമണത്തിൽ അമ്മാവൻ കൊല്ലപ്പെട്ടു എന്നും കസിൻ ഇന്നലെ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു എന്നും റെയ്ന അറിയിച്ചു.

തന്റെ കുടുംബത്തിന്റെ നേര്‍ക്ക് നടന്ന ആക്രമണത്തിനു പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പഞ്ചാബ് പോലീസ്, മുഖ്യമന്ത്രി അമരീന്ദർ സിംഗ് എന്നിവരെ ടാഗ് ചെയ്തുകൊണ്ട് അഭ്യർത്ഥിച്ചു.

‘പഞ്ചാബിൽ എന്റെ കുടുംബത്തിന് സംഭവിച്ചത് ഭീതിപ്പെടുത്തുന്നതാണ് . അക്രമികള്‍ എന്റെ അമ്മാവനെ കൊലചെയ്തു, ആക്രമണത്തില്‍ എന്റെ അമ്മായിക്കും കസിൻ‌മാർക്കും ഗുരുതരമായ പരുക്കുകളുണ്ടായിരുന്നു. ഇതില്‍ നിർഭാഗ്യവശാൽ എന്റെ കസിനും ഇന്നലെ രാത്രി മരണമടഞ്ഞു.

പരിക്കേറ്റ അമ്മായി ഇപ്പോഴും വളരെ ഗുരുതരാവസ്ഥയിലാണ്. ആക്രമണം ഉണ്ടായ ആ രാത്രി കൃത്യമായി എന്താണ് സംഭവിച്ചതെന്നും ആരാണ് ഇത് ചെയ്തതെന്നും ഇതുവരെ ഞങ്ങൾക്ക് അറിയില്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധിക്കാൻ ഞാൻ പഞ്ചാബ് പോലീസിനോട് അപേക്ഷിക്കുന്നു. ആരാണ് ഈ ക്രൂരമായ പ്രവൃത്തി ചെയ്തതെന്ന് അറിയാൻ ഞങ്ങൾക്ക് അർഹതയുണ്ട്. ഒരിക്കലും ആ കുറ്റവാളികളെ വെറുതെ വിടരുത്’- റെയ്ന എഴുതി.