മൊറട്ടോറിയം; രണ്ട് വര്‍ഷത്തേക്ക് നീട്ടാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

single-img
1 September 2020

ബാങ്ക് വായ്പകള്‍ക്കുള്ള മോറട്ടോറിയം രണ്ട് വര്‍ഷത്തേക്ക് നീട്ടാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പക്ഷെ, രണ്ട് ദിവസം കൊണ്ട് ഇത് തീരുമാനിക്കാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കോവിഡ് ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ആറ് മാസത്തേക്ക് അനുവദിച്ച മൊറട്ടോറിയം ഇന്നലെ അവസാനിച്ചിരുന്നു. രാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് സുപ്രീംകോടതി പരാമര്‍ശം നടത്തി. വിഷയത്തില്‍ കോടതി നാളെ വാദം കേള്‍ക്കും.

ലോക് ഡൗണ്‍ കാലത്ത് ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും വായ്പാ തുകയുടെ പലിശയും പലിശയുടെ പലിശയും ബാങ്കുകൾ ഈടാക്കുന്നുണ്ട്. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. മൊറട്ടോറിയം കാലാവധി വേണമെങ്കിൽ രണ്ടുവര്‍ഷം വരെ നീട്ടാൻ സാധിക്കുമെന്നതാണ് കേന്ദ്രം മുന്നോട്ടുവെച്ച നിര്‍ദ്ദേശം. ഇതിനായി ബാങ്കുകളും ആര്‍ബിഐയും ചര്‍ച്ച നടത്തി ഒരു തീരുമാനത്തിൽ എത്തണം. ഒന്നോ രണ്ടോ ദിവസം കൊണ്ട് തീരുമാനം എടുക്കാൻ സാധിക്കുന്ന വിഷയമല്ല ഇതെന്നും സോളിസിറ്റര്‍ ജനറൽ തുഷാര്‍ മേത്ത വാദിച്ചു.

മൊറട്ടോറിയം കാലയളവില്‍ പലിശയും പിഴപ്പലിശയും ഒഴിവാക്കുന്ന കാര്യത്തില്‍ കൃത്യമായ തീരുമാനം ഇന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞില്ല. കേന്ദ്ര സര്‍ക്കാരും ആര്‍.ബി.എയും ബാങ്കുകളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇക്കാര്യത്തില്‍ ഒരു സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും കോടതി അത് പരിശോധിക്കണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. തുടര്‍ന്നാണ് വാദത്തിനായി കേസ് നാളേക്ക് മാറ്റിയത്.