ഇരുചക്ര വാഹനം ട്രിപ്പിളടിച്ചതിന് കസ്റ്റഡിയിലെടുത്തു പോലീസ് സ്‌റ്റേഷൻ്റെ ഫീസ് ഊരി വൈദ്യുതിഭവൻ ജീവനക്കാരൻ്റെ പ്രതികാരം

single-img
1 September 2020

തമിഴ്നാട് വൈദ്യുതിഭവന്‍ ജീവനക്കാരന്റെ ഇരുചക്ര വാഹനം ട്രിപ്പിളടിച്ചതിന് കസ്റ്റഡിയിലെടുത്തതിന്റെ പ്രതികാരമായി സ്റ്റേഷനില്‍ കറന്റ് കട്ട്. തമിഴ്‌നാട്ടിലെ വിരുതുനഗര്‍ ജില്ലയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. വൈദ്യുതിഭവന്‍ ജീവനക്കാരന്റെ ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി രണ്ട് മണിക്കൂറോളം പൊലീസ് സ്റ്റേഷനില്‍ വൈദ്യുതി മുടങ്ങുകയായിരുന്നു.

വ്യാഴാഴ്ച സാധാരണ വാഹനപരിശോധന നടത്തുന്നതിനിടെ ട്രിപ്പിളടിച്ചെത്തിയ വൈദ്യുതിഭവന്‍ ജീവനക്കാരന്റെ ബൈക്ക് പൊലീസ് തടഞ്ഞു നിര്‍ത്തി. യാത്രികര്‍ക്ക് ഹെല്‍മറ്റോ ലൈസന്‍സോ വാഹനത്തിന് മതിയായ രേഖകളോ ഒന്നും ഉണ്ടായിരുന്നില്ല. ബൈക്കിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ പോലും വ്യാജമായിരുന്നു. കൂടാതെ നമ്പര്‍ പ്ലേറ്റ് കൃത്യമായി ഉറപ്പിച്ചിരുന്നുമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രജിസ്ട്രേഷന്‍ നമ്പര്‍ വ്യാജമായിരുന്നതിനാല്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. പിന്നാലെ വാഹനം വിട്ടുനല്‍കണമെന്ന് കൂമപ്പട്ടി വൈദ്യുതിഭവന്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ ഫോണിലൂടെ വിളിച്ച് ആവശ്യപ്പെട്ടു. വാഹനത്തിന്റെ രേഖകളുമായെത്തിയാല്‍ ബൈക്ക് വിട്ടു നല്‍കാമെന്നായിരുന്നു പൊലീസിന്റെ പ്രതികരണം.

രാത്രി 8.15 ഓടെ പൊലീസ് സ്റ്റേഷനില്‍ കറന്റ് പോയി. പവര്‍കട്ടാണെന്ന് കരുതിയെങ്കിലും പിന്നീടാണ് പ്രതികാര നടപടിയെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വിരുതനഗര്‍ ജില്ലാ പൊലീസ് മേധാവി പി.പെരുമാളിനെ വിവരമറിയിച്ചു. എസ്പി ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.