കോവിഡ്-19 ; സുരക്ഷയൊരുക്കി ജാഗ്രതയോടെ ഖത്തറിലെ സ്കൂളുകൾ

single-img
1 September 2020

കോവിഡ് മാനദണ്ഡങ്ങളൊക്കെയും പാലിച്ച് അതീവജാഗ്രതയോടെയാണ് ഖത്തറിലെ സർക്കാരിന്റെ ഓരോ ചുവടു വയ്പ്പും ,ഖത്തറിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ ഒരുങ്ങുകയാണ്. സ്വകാര്യ സ്‌കൂളുകളില്‍ ഇന്ന് മുതല്‍ പഠനം പുനരാരംഭിക്കുകയും ചെയ്തു. ക്ലാസ് മുറി-ഓണ്‍ലൈന്‍ മിശ്ര പഠന സംവിധാനത്തിനാണ് തുടക്കമായത്. നീണ്ട 4 മാസത്തെ ഓണ്‍ലൈന്‍ പഠനത്തിനും ഒരു മാസത്തെ മധ്യവേനല്‍ അവധിക്കും ശേഷം സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലായി 3,40,000 വിദ്യാർഥികളാണ് പുതിയ അധ്യയന വര്‍ഷത്തിലേക്ക് ഇത്തരത്തിൽ പ്രവേശിച്ചത്.

സ്‌കൂളുകളിലും പ്രവേശന കവാടങ്ങളില്‍ വിദ്യാർഥികളുടെ ശരീര താപനില പരിശോധിച്ച ശേഷമാണ് ക്ലാസുകളിലേക്ക് പ്രവേശിപ്പിച്ചത്. അകലം പാലിച്ച് സ്‌കൂളിന് അകത്തേക്കും പുറത്തേക്കും പോകാന്‍ പ്രത്യേക ക്രമീകരണങ്ങളാണുള്ളത്. 7-ാം ക്ലാസ് മുതല്‍ക്കുള്ള വിദ്യാർഥികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ക്ലാസ് മുറികളില്‍ വിദ്യാർഥികളെ ഗ്രൂപ്പായി തിരിച്ച് 1.5 മീറ്റര്‍ അകലം പാലിച്ചു കൊണ്ടാണ് പഠനം തുടങ്ങിയത്. ആദ്യ 3 ദിവസങ്ങളില്‍ കോവിഡ്-19 ബോധവല്‍ക്കരണമാണ് ക്ലാസുകളില്‍ നടക്കുക.

വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന കോവിഡ്-19 മുന്‍കരുതല്‍, പ്രതിരോധ വ്യവസ്ഥകള്‍ പാലിച്ചു കൊണ്ടാണ് സ്‌കൂളുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചത്. മന്ത്രാലയത്തിന്റെ കര്‍ശന നിരീക്ഷണത്തിലാണു സ്‌കൂളുകള്‍. കോവിഡ് സാഹചര്യമായതിനാല്‍ 30 ശതമാനം വിദ്യാർഥികളേ പ്രതിദിനം സ്‌കൂളുകളില്‍ ഹാജരാകാന്‍ പാടുള്ളു. ഇതുപ്രകാരം പ്രതിദിനം ഒരു ക്ലാസില്‍ പരമാവധി 15 വിദ്യാർഥികള്‍ മാത്രമാണുള്ളത്. ക്ലാസില്‍ വരാത്ത കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നുണ്ട്. പുതിയ നിബന്ധനകള്‍ പ്രകാരം ഒരു വിദ്യാർഥി ഒരു മാസം 7 ദിവസം ക്ലാസിലെത്തി പഠിക്കണം. വിട്ടുമാറാത്ത രോഗമുള്ളവര്‍, വീട്ടില്‍ വിട്ടുമാറാത്ത രോഗമുള്ളവരുള്ള വിദ്യാർഥികള്‍ എന്നിവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ക്ലാസിലെത്താതെ ഓണ്‍ലൈന്‍ പഠനം തുടരാം.