കാണാതായ യുവാവ് തിരിച്ചെത്തിയെന്ന് പോലീസിൻ്റെ ട്വീറ്റ്; എന്നാൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

single-img
1 September 2020

ഉത്തർപ്രദേശ് പോലീസിന് നാണക്കേടായി ഒരു സംഭവം കൂടി. കാണാതായ യുവാവ് തിരിച്ചെത്തിയെന്ന യു.പി. പോലീസിന്റെ ട്വീറ്റ് പുറത്തുവന്ന് മണിക്കൂറുകൾക്കകം യുവാവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.

വാരണാസിയിൽ സിവിൽ സർവീസസ് പരിശീലന കേന്ദ്രത്തിലെ വിദ്യാർഥിയായിരുന്നു അൻമോൾ യാദവ്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ഒരു ഫോൺകോൾ വന്നതിന് പിന്നാലെ യുവാവ് വീട്ടിൽനിന്നിറങ്ങുകയായിരുന്നു. ഉടൻ തിരിച്ചുവരുമെന്ന് പറഞ്ഞ് പുറത്തുപോയ അൻമോൾ രാത്രി ഏറെ വൈകിയിട്ടും കാണാതായതോടെ ബന്ധുക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അന്വേഷണം തുടരുന്നതിനിടെ യുവാവ് വീട്ടിൽ സുരക്ഷിതമായി തിരിച്ചെത്തിയെന്ന് ചന്ദൗലി പോലീസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു. എന്നാൽ ഈ സമയത്തൊന്നും യുവാവ് വീട്ടിൽ എത്തിയിരുന്നില്ല. എന്താണ് സംഭവിച്ചതെന്നറിയാതെ ബന്ധുക്കളും ആശയക്കുഴപ്പത്തിലായി. തുടർന്ന് തിങ്കളാഴ്ച രാവിലെ യുവാവിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽനിന്ന് കണ്ടെത്തുകയായിരുന്നു.

പോലീസ് അന്വേഷണത്തിലെ വീഴ്ചയാണ് യുവാവിന്റെ മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ റോഡ് ഉപരോധിച്ചു. അതേസമയം, വിവാദമായ ട്വീറ്റ് പിന്നീട് നീക്കം ചെയ്തെന്നും യുവാവ് തിരിച്ചെത്തിയെന്ന തെറ്റായ വിവരത്തെ തുടർന്നാണ് ട്വീറ്റ് ചെയ്തതെന്നും പോലീസ് അറിയിച്ചു. അന്വേഷണത്തിൽ പോലീസ് കാണിച്ച അലംഭാവമാണ് ജീവൻ നഷ്ടപ്പെടാൻ കാരണമെന്ന് യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു