കോളേജിന്റെ ബിഎസ്‍സി ഓണേഴ്സ് മെറിറ്റ് ലിസ്റ്റില്‍ ഇടംനേടി ജാപ്പനീസ് കാർട്ടൂൺ കഥാപാത്രം ഷിൻചാൻ നൊഹാറ

single-img
1 September 2020

പശ്ചിമ ബം​ഗാളിലുള്ള സിലി​ഗുരി കോളേജിലെ ബിഎസ്‍സി ഓണേഴ്സ് മെറിറ്റ് ലിസ്റ്റിൽ ഇടംനേടിയത് പ്രശസ്ത ജാപ്പനീസ് കാർട്ടൂൺ കഥാപാത്രമായ ഷിൻചാൻ നൊഹാറ!. ഇത്തരത്തിൽ ഒരു വലിയ തെറ്റ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പെട്ടെന്നുതന്നെ ലിസ്റ്റ് എടുത്തുമാറ്റിയതായും പുതിയ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചായും കോളേജ് അധികൃതർ അറിയിക്കുകയും ചെയ്തു.

അതേപോലെതന്നെ സംഭവത്തെക്കുറിച്ച് പോലീസിൽ തങ്ങൾ പരാതി നൽകിയതായും അധികൃതർ കൂട്ടിച്ചേർത്തു. ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പു തന്നെ വിദ്യാർത്ഥികളെക്കുറിച്ചുള്ള വിശദാംശങ്ങൾ കർശന പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് സിലി​ഗുരി കോളേജിന് പുറമെ മറ്റ് നാല് കോളേജുകൾ കൂടി തങ്ങളുടെ മെറിറ്റ് ലിസ്റ്റിൽ സമാനമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ബംഗാള്‍ പോലീസിന്റെ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.

അടുത്തിടെ മണിക്ചെക്ക് കോളേജിലെ ബിഎ ഇം​ഗ്ലീഷ് മെറിറ്റ് ലിസ്റ്റിൽ ​ഗായിക നേഹ കക്കാറിന്റെ പേര് കടന്നു കൂടിയിരുന്നു. ഇതിന് സമാനമായി നടി സണ്ണി ലിയോണിന്റെ പേരും നേരത്തെ മൂന്നു കോളേജുകളിലെ മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. ബംഗാളില്‍ കൊവിഡ് വ്യാപനത്തെ തുടർന്ന് ഈ വർഷത്തെ ബിരുദപ്രവേശന നടപടികളെല്ലാം ഓൺലൈനായിട്ടാണ് നടത്തുന്നത്.