‘കഫീല്‍ ഖാനെ ഉടന്‍ മോചിപ്പിക്കണം’‌ അലഹബാദ് ഹൈക്കോടതി

single-img
1 September 2020

ദേശീയ സുരക്ഷ നിയമ(എന്‍.എസ്.എ.) പ്രകാരം ഡോ. കഫീല്‍ ഖാനെ ജയിലില്‍ അടച്ച നടപടി നിയമവിരുദ്ധമാണെന്ന് അലഹാബാദ് ഹൈക്കോടതിയുടെ കണ്ടെത്തൽ. അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു കഴിഞ്ഞു. എന്‍.എസ്.എ. പ്രകാരം കഫീല്‍ ഖാനു മേല്‍ ചുമത്തിയ കുറ്റങ്ങള്‍ കോടതി റദ്ദാക്കിയിട്ടുമുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനിടയില്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് ജയിലിലാണ് ഇപ്പോള്‍ ഡോ. കഫീല്‍ ഖാന്‍. ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജനുവരിയിൽ മുംബൈയില്‍നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

സര്‍വകലാശാലയിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാനും സാമുദായിക ഐക്യം തകര്‍ക്കാനും കഫീല്‍ ഖാന്‍ ശ്രമിച്ചുവെന്നായിരുന്നു ഡിസംബര്‍ 13ന് സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ ആരോപിച്ചിരുന്നത്. നിലവില്‍ മഥുരയ്ക്കു സമീപത്തെ ജയിലിലാണ് കഫീല്‍ ഖാന്‍ ഉള്ളത്. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍ സ്വദേശിയായ ഡോക്ടര്‍ കഫീല്‍ ഖാന്‍ ശ്രദ്ധിക്കപ്പെടുന്നത് 2017ലാണ്. ഗൊരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ പിഞ്ചുകുട്ടികള്‍ മരിച്ച സംഭവത്തില്‍ ഇടപെട്ടതായിരുന്നു കുറ്റം. കുട്ടികളെ രക്ഷപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ ഇടപെടുകയും ഓക്‌സിജന്‍ വാങ്ങുകയും ചെയ്ത അദ്ദേഹത്തെ യു പി സര്‍ക്കാര്‍ പ്രതിക്കൂട്ടിലാക്കി. കഫീല്‍ ഖാന് ഒമ്പതു മാസത്തോളം ജയിലില്‍ കഴിയേണ്ടിവന്നു.

സര്‍ക്കാര്‍ അന്വേഷണത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് പിന്നീട് വെറുതെവിട്ടു. പുറത്തിറങ്ങിയെങ്കിലും അധികനാള്‍ കഴിഞ്ഞില്ല. വീണ്ടും കേസെടുത്ത് ജയിലില്‍ അടച്ചു. ജാമ്യം ലഭിച്ചപ്പോള്‍ മറ്റൊരു കേസ്. ഇക്കഴിഞ്ഞ ജനുവരി 29ന് മുംബൈയില്‍ വച്ച് കഫീല്‍ ഖാനെ യുപി പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. അലിഗഡ് മുസ്‍ലിം സര്‍വകലാശാലയില്‍ ഡിസംബര്‍ 12ന് നടന്ന സിഎഎ വിരുദ്ധ പ്രതിഷേധത്തില്‍ പ്രസംഗിച്ച കുറ്റത്തിനായിരുന്നു അറസ്റ്റ്.