പ്രതികൾക്ക് അടൂർ പ്രകാശുമായി ബന്ധം, പ്രതികൾ അടൂർ പ്രകാശിനെ വിളിച്ചിരുന്നു : മന്ത്രി ഇപി ജയരാജൻ

single-img
1 September 2020

വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിലെ പ്രതികൾക്ക് അടൂർ പ്രകാശുമായി ബന്ധമുണ്ടെന്ന് മന്ത്രി ഇ.പി. ജയരാജൻ. കൊലപാതകത്തിന് ശേഷം പ്രതികൾ അടൂർ പ്രകാശിനെ വിളിച്ചിരുന്നുവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഹക്ക് മുഹമ്മദിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ”ലക്ഷ്യം നിർവഹിച്ചുവെന്നാണ് അവർ അടൂർ പ്രകാശിനു കൊടുത്ത സന്ദേശം, ഇതാണോ കോൺഗ്രസ് കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നത്. അറസ്റ്റിലായ എല്ലാവരും കോൺഗ്രസുകാരാണ്. ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ്. ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ട്. വലിയ ആസൂത്രണം നടക്കുകയാണ്. അങ്ങനെയുള്ള പാർട്ടിയാണ് കോൺഗ്രസ്. എല്ലാ ജില്ലകളിലും ഇത്തരം കൊലപാതക സംഘങ്ങളെ ഉണ്ടാക്കിയിട്ടുണ്ട്.’ – അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതൃത്വം കൊലയാളി സംഘങ്ങൾക്ക് രൂപം നൽകിയിരിക്കുന്നു. മറ്റു ജില്ലകളിലും കൊലപാതകങ്ങൾക്ക് കോൺഗ്രസ് പദ്ധതിയിട്ടിട്ടുണ്ട്. തിരുവോണ നാളിൽ കോൺഗ്രസ് രക്ത പൂക്കളമുണ്ടാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്നലെ പുലർച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകരായ മിഥിലാജ് (30) വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് (24) കലിങ്കുംമുഖം സ്വദേശിയുമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ ആറ് പേരെ കസ്റ്റഡിയിലെടുത്തിരുന്നു.

ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്നാണ് പോസ്റ്റ്‌മോർട്ടം നിഗമനം. മുഖത്തും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളുണ്ട്. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി റൂറൽ എസ്പി അറിയിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്പി എസ് വൈ.സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വിവിധ ഷാഡോ യൂണിറ്റുകളെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തില്‍ കോണ്‍ഗ്രസിന് ബന്ധമില്ലെന്ന് ഡിസിസിയില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രണ്ടു പേരുടെ മരണം സിപിഎം ആഘോഷിക്കുകയാണ്. നൂറിലധികം കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിക്കപ്പെട്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മിന്റെ അക്രമം സര്‍ക്കാര്‍ നോക്കിനില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.