സംസ്ഥാനത്ത് കൊവിഡ് മരണം കൂടുന്നു, കൊല്ലം മെഡി. കോളജിൽ മൂന്ന് പേര്‍ മരിച്ചു

single-img
1 September 2020

കേരളത്തിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വര്‍ധന. കൊല്ലത്ത്‍ ഇന്ന് കൊവിഡ് ചികിത്സയിലായിരുന്ന മൂന്നു പേർ മരിച്ചു. അഞ്ചൽ സ്വദേശിനി അശ്വതി (25) ചെറിയ വെളിനല്ലൂർ ആശാ മുജീബ് (45), കൊല്ലം ദേവിനഗർ സ്വദേശി ആന്റണി (70) എന്നിവരാണു മരിച്ചത്. മൂവരും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൂവര്‍ക്കും മറ്റ് രോഗങ്ങളുണ്ടായിരുന്നുവെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്.

കോഴിക്കോട് ജില്ലയിൽ രണ്ട് മരണമുണ്ടായി. മാവൂർ കുതിരാടം സ്വദേശി കമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി സൗദ എന്നിവരാണ് മരിച്ചത്. ഇരുവരും വൃക്ക രോഗികളായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കണ്ണൂരിലും മലപ്പുറത്തും ഒരോ കൊവിഡ് മരണങ്ങളും ഇന്നുണ്ടായി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി സത്താർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽവെച്ചാണ് മരിച്ചത്. ക്യാൻസർ ബാധിതനായിരുന്നു സത്താർ. മലപ്പുറം ഒളവട്ടൂർ സ്വദേശി ആമിന മ‍ഞ്ചേരി മെഡിക്കൽ കോളജിലും മരിച്ചു. തിരുവനന്തപുരത്ത് കൂടുതൽ പൊലീസുകാർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് പൊലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കാസർകോട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലും ഇന്ന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കാസർകോട് മഞ്ചേശ്വരം ഹൊസ്സങ്കടി സ്വദേശി അബ്ദുൽ റഹ്മാനാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. അറുപത് വയസുകാരനായ ഇദ്ദേഹത്തിന് ഹൃദ്രോഗവും, പ്രമേഹവും ഉൾപ്പെടെയുള്ള അസുഖങ്ങളും ഉണ്ടായിരുന്നു.