ടെലികോം കമ്പനികൾക്ക് ആശ്വാസം; വാര്‍ഷിക ലൈസന്‍സ് ഫീസ് കുടിശ്ശിക അടയ്ക്കാന്‍ 10 വര്‍ഷം സമയം

single-img
1 September 2020

ടെലികോം കമ്പനികൾക്ക് സ്പെക്ട്രം ലൈസൻസുമായി ബന്ധപ്പെട്ട വാര്‍ഷിക ലൈസന്‍സ് ഫീസ് (എജിആര്‍) കുടിശ്ശിക അടയ്ക്കാന്‍ 10 വര്‍ഷം സമയം അനുവദിച്ച് സുപ്രീംകോടതി. 1.6ലക്ഷം കോടി രൂപയാണ് കുടിശികയുള്ളത്. 20 വര്‍ഷമെങ്കിലും അനുവദിക്കണമെന്ന് ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാരും ഇതിന് അനുകൂലമായ നിലാപടാണ് സ്വീകരിച്ചിരുന്നത്. കുടിശ്ശിക അടയ്ക്കാത്ത കമ്പനികളുടെ നിലപാടിനെതിരെ ശക്തമായി പ്രതികരിച്ചിരുന്ന സുപ്രീംകോടതി ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ 10 വര്‍ഷം സമയം നല്‍കിയിരിക്കുകയാണ്.

കുടിശ്ശികയിൽ 10 ശതമാനം അടുത്ത വർഷം മാർച്ച് 31-ന് അകം അടയ്ക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.ബാക്കി കുടിശ്ശിക 2031 മാര്‍ച്ച് 21ന് മുമ്പ് അടയ്ക്കണമെന്നുമാണ് നിര്‍ദേശം. എല്ലാ വർഷവും ഫെബ്രുവരി 7-ന് മുമ്പ് പലിശ സഹിതം ഇൻസ്റ്റാൾമെന്‍റായി വേണം കുടിശ്ശിക അടയ്ക്കാൻ. ഇനിയും വീഴ്ച വരുത്തിയാല്‍ കമ്പനികള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഏതെങ്കിലും വർഷം കുടിശ്ശിക അടച്ചില്ലെങ്കിൽ അത് കോടതിയലക്ഷ്യമായി കണക്കാക്കും. അങ്ങനെ 2031 മാർച്ചിന് മുമ്പ് മുഴുവൻ കുടിശ്ശികയും അടച്ചുതീർക്കണമെന്നും ഉത്തരവിലുണ്ട്. 20 വ‌ർഷത്തെ സമയമാണ് കുടിശ്ശിക അടയ്ക്കാൻ കമ്പനികൾ ചോദിച്ചതെങ്കിലും 10 വ‌ർഷം സമയം മാത്രമേ നൽകാനാകൂ എന്നാണ് കോടതി ഉത്തരവിട്ടത്.

ഉത്തരവിന് പിന്നാലെ ഭാരതി എയർടെല്ലിന്‍റെ ഓഹരികൾ വിപണിയിൽ ഉയർന്നെങ്കിലും, വോഡഫോൺ – ഐഡിയയുടെ ഓഹരികൾ തകർന്നു.
2019 ഒക്ടോബറിലാണ് സ്പെക്ട്രം ഉപയോഗത്തിന്‍റെ ലൈസൻസ് ഫീ ഇനത്തിലും സ്പെട്ക്ട്രം ഉപയോഗത്തിനുള്ള ചാർജ് ഇനത്തിലും സർക്കാ‍ർ നിർദേശിക്കുന്ന തുക തന്നെ ടെലികോം കമ്പനികൾ അടയ്ക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ഈ തുകയുടെ കുടിശ്ശിക ഭാരതി എയർടെൽ, ടാറ്റ ടെലിസർവീസസ്, വോഡഫോൺ – ഐഡിയ എന്നീ കമ്പനികൾ അടച്ചുതീർത്തേ പറ്റൂ എന്നും കോടതി ഉത്തരവിട്ടിരുന്നു.

കേസ് പരിഗണിക്കവേ, ലോക്ക്ഡൗൺ കാലത്ത് വലിയ ലാഭമുണ്ടാക്കിയ ടെലികോം കമ്പനികൾ എന്തുകൊണ്ട് സർക്കാരിലേക്ക് നൽകേണ്ട തുക നൽകുന്നില്ല എന്ന് കോടതി ചോദിച്ചിരുന്നു. സ്പെക്ട്രം എജിആർ കുടിശ്ശിക കണക്കാക്കുന്നതിനെക്കുറിച്ച് ഇനിയൊരു പുനഃപരിശോധന ഉണ്ടാകില്ലെന്നും കടുത്ത ഭാഷയിൽത്തന്നെ സുപ്രീംകോടതി വ്യക്തമാക്കി. ”ഒരു സെക്കന്‍റ് പോലും അതേക്കുറിച്ചുള്ള വാദം ഇനി കേൾക്കില്ല”, എന്നാണ് ജസ്റ്റിസുമാരായ ബി ആർ ഗവായ്, കൃഷ്ണമുരാരി എന്നിവർ അംഗങ്ങളായ ബഞ്ച് വ്യക്തമാക്കിയത്.

നേരത്തേ ഈ കുടിശ്ശിക ‘ഒറ്റ രാത്രി കൊണ്ട് അടച്ചുതീർക്കാൻ ഉത്തരവിടു’മെന്നടക്കം രൂക്ഷമായ ഭാഷയിൽ കോടതി ടെലികോം കമ്പനികളെയും കേന്ദ്രസർക്കാരിനെയും ശാസിച്ചിരുന്നു. ഇത്ര വലിയ തുക വളരെ കുറച്ച് സമയത്തിനകം അടച്ചുതീർക്കാൻ ഉത്തരവിട്ടാൽ, പിന്നെ കമ്പനി തന്നെ അടച്ചുപൂട്ടേണ്ടി വരുമെന്ന് വോഡഫോൺ – ഐഡിയ കോടതിയിൽ വാദിച്ചു.