പ്രതികളാരും തന്നെ വിളിച്ചിട്ടില്ല, ആരോപണത്തിന് മറുപടിയുമായി അടൂർ പ്രകാശ്

single-img
1 September 2020

വെഞ്ഞാറമൂട്ടിലെ ഇരട്ട കൊലപാതകത്തിനുശേഷം അക്രമികൾ ആദ്യം വിവരം ധരിപ്പിച്ചത് കോൺഗ്രസ് നേതാവും എംപിയുമായ അടൂർ പ്രകാശിനെയാണെന്ന മന്ത്രി ഇപി ജയരാജൻ ഉന്നയിച്ച ആരോപണം തള്ളി അടൂർ പ്രകാശ്. അക്രമികൾ തന്നെ വിളിച്ചിട്ടുണ്ടെങ്കിൽ അത്​ തെളിവു സഹിതം പുറത്തുകൊണ്ടുവരണം. വെറുതെ കാടടച്ച്​ വെടിവെച്ചിട്ട്​ കാര്യമില്ല. ജയരാജ​ൻറ സ്വഭാവം അതായതുകൊണ്ട്​ അദ്ദേഹം ഇതും ഇതിനപ്പുറവും പറയും. രാഷ്​ട്രീയ കാഴ്​ചപ്പാടോടെ അദ്ദേഹം പറഞ്ഞ കാര്യങ്ങളെ വിലകുറച്ചു കാണുന്നില്ല. മാന്യതയുണ്ടെങ്കിൽ പറഞ്ഞ കാര്യങ്ങൾ തെളിയിക്കാനുള്ള ഉത്തരവാദിത്തം സി.പി.എം നേതാവെന്ന നിലയിൽ ജയരാജൻ ഏറ്റെടുക്കണം -അടൂർ പ്രകാശ്​ പറഞ്ഞു.

ആരോപണങ്ങൾ പൊലീസ്​ അന്വേഷിക്ക​ട്ടെ. വിളിച്ചിട്ടുണ്ടെങ്കിൽ അതിന്​ രേഖയുണ്ടാവുമല്ലൊ. ആരെ വിളിച്ചു, ഏത്​ നമ്പറിൽ, എപ്പോൾ വിളിച്ചു എന്നതൊക്കെ എടുക്കാൻ സാധിക്കും. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്​ രാഷ്​ട്രീയ മാന്യതക്ക്​ യോജിച്ചതല്ല. കൊലപാതകം ചെയ്യാനും കൊലപാതകികളെ രക്ഷിക്കാനും നടക്കുന്നവരല്ല കോൺഗ്രസുകാരെന്നും കോൺഗ്രസി​ൻറ ചരിത്രം അതല്ലെന്നും അടൂർ പ്രകാശ്​ കൂട്ടിച്ചേർത്തു.സജിത്തിനെയും അറിയില്ല, പ്രതികളാരെയും അറിയില്ല. ഒരു സിഐടിയു കാരൻ പ്രതിയായി ഉണ്ട്. അദ്ദേഹത്തെ രക്ഷപ്പെടുത്താനായിരിക്കണം ഇപി ജയരാജനെ പോലുള്ള ആളുകൾ ഇറങ്ങിത്തിരച്ചതെന്ന് സംശയമുണ്ടെന്നും അടൂർ പ്രകാശൻ കൂട്ടിച്ചേർത്തു.

കൊലപാതകം ആസൂത്രിതമാണെന്നും കോൺഗ്രസ് ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് കൃത്യം നടന്നതെന്നും മന്ത്രി ഇ പി ജയരാജൻ ആരോപിച്ചിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ അടൂർ പ്രകാശിനെ വിളിച്ച് ലക്ഷ്യം നിർവഹിച്ചു എന്നറിയിച്ചെന്നും ഇ പി ജയരാജൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വം കൊലയാളി സംഘങ്ങൾക്ക് രൂപം നൽകിയിരിക്കുന്നു. മറ്റു ജില്ലകളിലും കൊലപാതകങ്ങൾക്ക് കോൺഗ്രസ് പദ്ധതിയിട്ടിട്ടുണ്ട്. തിരുവോണ നാളിൽ കോൺഗ്രസ് രക്ത പൂക്കളമുണ്ടാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിന് മറുപടിയായിട്ടായിരുന്നു അടൂർ പ്രകാശിന്റെ പ്രതികരണം.