ഓണരാവിൽ വെഞ്ഞാറമൂട്ടിൽ ഇരട്ടക്കൊല: രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകരെ കോൺഗ്രസുകാർ വെട്ടിക്കൊലപ്പെടുത്തി

single-img
31 August 2020

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. കൊലപാതകത്തിന് പിന്നിൽ യൂത്ത് കോൺഗ്രസ് ആണെന്നാണ് ലഭിക്കുന്ന വിവരം.

ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഫ്ഐ കല്ലിങ്ങിൻമുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് ഞായറാഴ്ച അർദ്ധരാത്രി 12.30ഓടെ അക്രമിസംഘം വടിവാൾ ഉപയോഗിച്ച് വെട്ടികൊല്ലപ്പെടുത്തിയത്.

വെഞ്ഞാറമൂട് തേമ്പാൻമൂട് ജംക്‌ഷനിൽ രാത്രി 12 മണിയോടെയാണ് സംഭവം. ബൈക്കിൽ പോവുകയായിരുന്ന മൂവരെയും മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. മിഥിലാജും ഹക്കും വെട്ടേറ്റ് നിലത്തു വീണു. ഷഹിൻ ഓടി രക്ഷപ്പെടുകയായിരുന്നു. മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതര പരുക്കേറ്റ ഹക്ക് മുഹമ്മദിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഡിവൈഎഫ്ഐ കലുങ്കിൻമുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്. തുടർച്ചയായി സിപിഎം– കോൺഗ്രസ് സംഘർഷം നടക്കുന്ന പ്രദേശമാണ് തേമ്പാൻമൂട്. സംഭവത്തിനു പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐ സിപിഎം നേതൃത്വം ആരോപിച്ചു. സംഭവത്തെത്തുടർന്ന് പൊലീസ് സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുന്നു.

കൊലക്കുപിന്നിൽ രാഷ്ട്രീയവൈരാഗ്യമാണെന്നും കൊലചെയ്തവർ എന്ന് സംശയിക്കുന്ന മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു വരികയാണെന്നും റൂറൽ എസ‌്.പി ബി.അശോകന്‍ പറഞ്ഞു. പ്രതികൾ സഞ്ചരിച്ചിരിന്ന ഇരുചക്ര വാഹനങ്ങളിൽ ഒന്ന് തേമ്പാംമൂട് നിന്ന് പൊലീസ് കണ്ടെടുത്തു.ദക്ഷിണ മേഖലാ ഡിഐജി: സഞ്ജയ് കുമാര്‍ ഗുരുദിന്‍ സ്ഥലം സന്ദര്‍ശിച്ചു.

അതേസമയം, ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയത് യൂത്ത് കോൺഗ്രസ് നടത്തിയ ഉന്നതതലത്തിലുള്ള ഗൂഡാലോചനയുടെ ഭാഗമായി വളരെ ആസൂത്രിതമായ കൊലപാതകമാണെന്ന് ഡിവൈഎഫ്ഐ. ആറുപേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയത് എന്നും സജീവ് എന്ന കോൺഗ്രസുകാരന്റെ നേത്യത്വത്തിലാണ് കൊല നടത്തിയതെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ എ റഹീം ആരോപിച്ചു. കൊല്ലപ്പെട്ടവരുടെ കുടെയുണ്ടായിരുന്ന മറ്റു രണ്ടു പ്രവർത്തകർ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് മാസം മുൻപ് ഇതേ സംഘം ഫൈസൽ എന്ന ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻശ്രമിച്ചിരുന്നുന്നുവെന്നും എ എ റഹീം പറഞ്ഞു.