വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകം : പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് റൂറൽ എസ്.പി

single-img
31 August 2020

വെഞ്ഞാറമ്മൂട് കൊലപാതക കേസിൽ പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് റൂറൽ എസ്.പി. സംഭവം നടപ്പാക്കിയത് ആറ് പേരാണെന്നാണ് പ്രാഥമിക നിഗമനം. മുൻപും വധശ്രമക്കേസിൽ പ്രതികളായിരുന്നവരാണ് ഈ കൊലപാതകത്തിനും പിന്നിലെന്നാണ് പൊലീസ് പറയുന്നത്. വെഞ്ഞാറമ്മൂടിൽ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നും റൂറൽ എസ്.പി പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന വെമ്പായം തേവലക്കാട് ഒഴിവുപാറയിലെ മിഥിലാജ് (32), തേമ്പാൻമൂട് കലുങ്കിൻമുഖം സ്വദേശി ഹക്ക് മുഹമ്മദ് (28) എന്നിവരാണ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷഹിൻ നിസ്സാര പരുക്കുകളോടെ ഓടി രക്ഷപ്പെട്ടു. ബൈക്കിലെത്തിയ സംഘമാണ് ഇരുവരെയും വെട്ടിയത്.

ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഡിവൈഎഫ്ഐ കലുങ്കിൻമുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്. തുടർച്ചയായി സിപിഎം– കോൺഗ്രസ് സംഘർഷം നടക്കുന്ന പ്രദേശമാണ് തേമ്പാൻമൂട്. സംഭവത്തിനു പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐ സിപിഎം നേതൃത്വം ആരോപിച്ചു. സംഭവത്തെത്തുടർന്ന് പൊലീസ് സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുന്നു.

പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ സി.പി.ഐ.എം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു.