കൊലപാ‍തകത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരായ സജീവും അൻസറും; 6 പേർ പിടിയിൽ

single-img
31 August 2020

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരായ അൻസറും സജീവുമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് കൊൺഗ്രസ് പ്രവർത്തകരായ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഫ്ഐ കല്ലിങ്ങിൻമുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് ഞായറാഴ്ച അർദ്ധരാത്രി 12.30ഓടെ അക്രമിസംഘം വടിവാൾ ഉപയോഗിച്ച് വെട്ടികൊല്ലപ്പെടുത്തിയത്.

സജീവ കോൺഗ്രസ് പ്രവർത്തകരായ സജീവ്, അൻസർ എന്നിവരും കണ്ടാലറിയാവുന്ന നാലുപേരുമാണ് കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നതെന്ന് വെഞ്ഞാറമൂട് സി ഐ ഇവാർത്തയോട് പറഞ്ഞു. സജീവും അൻസറും മേയ് മാസത്തില്‍ ഫൈസൽ എന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ്. ഒരുമാസം മുന്‍പാണ് ഇവര്‍ ജയിലില്‍നിന്ന് ഇറങ്ങിയത്. കൊല്ലപ്പെട്ട ഡിവൈഎഫ്ഐ കലിങ്ങിൻ മുഖം യൂണിറ്റ് പ്രസിഡന്റ് ഹഖ് മുഹമ്മദ് (24)നെയാണ് സംഘം ലക്ഷ്യമിട്ടിരുന്നതെന്നും അക്രമി സംഘത്തിൽ അഞ്ചിലേറെപ്പേർ ഉൾപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു. 
 
 തിരുവോണ തലേന്ന് മിഥിലാജിന്റെ വീട്ടിലേയ്ക്ക് ബൈക്കിൽ പോവുകയായിരുന്നു ഇരുവരും. വെഞ്ഞാറമൂട് തേമ്പാംമൂടിൽ വെച്ച് ഇരുവരെയും അക്രമിസംഘം തടഞ്ഞ് നിർത്തി മുഖത്തും നെഞ്ചിലും വെട്ടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.