പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിൽ മക്കളുടെ പങ്ക് വ്യക്തം; എസ്പി കെ.ജി. സൈമൺ

single-img
30 August 2020

കോന്നി പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിന് പിന്നിലെ പ്രധാനികൾ ഉടമകളുടെ മക്കളാണെന്ന് പോലീസ്. സ്ഥാപന ഉടമ റോയ് ഡാനിയൽ, ഭാര്യ പ്രഭ തോമസ്, എന്നിവരുടെ മക്കളായ റിനു, റിയ എന്നിവർക്ക് കേസിൽ നിർണായക പങ്ക് ഉണ്ടെന്ന് എസ്പി കെ.ജി. സൈമൺ പറഞ്ഞു. നിക്ഷേപകരിൽനിന്ന് സ്വീകരിച്ച പണം ഇരുവരും ചേർന്ന് വിദേശരാജ്യങ്ങളിൽ നിക്ഷേപിച്ചതായും പോലീസ് കണ്ടെത്തി. 2014 ല്‍ കമ്പനികളുടെ ഉടമസ്ഥാവകാശം മക്കളുടെ പേരിലേക്കു മാറ്റിയിരുന്നു. പ്രതികളായ സ്ഥാപന ഉടമ റോയ് ഡാനിയൽ, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു, റിയ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇവരെ പത്തനംതിട്ടയിൽ ചോദ്യംചെയ്തുവരികയാണ്.

2014-ൽ രജിസ്റ്റർ ചെയ്ത ഒരു കേസിനെ തുടർന്ന് തോമസ് ഡാനിയേലിനും ഭാര്യയ്ക്കും പണം സ്വീകരിക്കാൻ സാങ്കേതികമായി തടസങ്ങളുണ്ടായിരുന്നു. ഇതോടെയാണ് മക്കളുടെ പേരിലേക്ക് പണം മാറ്റിയത്. പിന്നീട് ഇവർ തന്നെ എല്ലാകാര്യങ്ങൾക്കും ചുക്കാൻപിടിച്ചു. നിക്ഷേപകരുടെ പണം വകമാറ്റി. ഓസ്ട്രേലിയ അടക്കമുള്ള വിദേശരാജ്യങ്ങളിൽ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചു. സമീപകാലത്ത് ആന്ധ്രയിൽ 2 കോടിയുടെ ഭൂമി വാങ്ങി. പോപ്പുലർ ഫിനാൻസിന്റെ മറവിൽ നിരവധി എൽ.എൽ.പി. കമ്പനികൾ തുടങ്ങി. ഈ കമ്പനികളിലേക്കാണ് ആളുകളെ കബളിപ്പിച്ച് പണം സ്വീകരിച്ചത്. ഇവയിൽ പലതും കടലാസ് കമ്പനികളാണ്.

പോപ്പുലർ ഫിനാൻസിൽ രണ്ടായിരം കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. നിക്ഷേപകർ പരാതിയുമായി രംഗത്തുവന്നതോടെ തോമസ് ഡാനിയേലും പ്രഭയും മുങ്ങിയിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് പത്തനംതിട്ട എസ്പി ഓഫിസിലെത്തി റോയി ഡാനിയേലും പ്രഭയും കീഴടങ്ങിയത്. രണ്ടാഴ്ചയായി ഇരുവരും ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിച്ച മക്കൾ പിടിയിലായതോടെയാണ് റോയിയുടെയും പ്രഭയുടെയും കീഴടങ്ങൽ.