‘മൊറട്ടോറിയം’ കാലാവധി നാളെ അവസാനിക്കും, ആറുമാസം കൂടി നീട്ടണമെന്ന് സർക്കാർ

single-img
30 August 2020

ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം ആറുമാസത്തേക്ക് കൂടി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ . ഇക്കാര്യം ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും കത്തയയ്ക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ വ്യക്തമാക്കി. കൊവിഡ് പശ്ചാത്തലത്തിലായിരുന്നു ആറ് മാസത്തെ വായ്പ മൊറട്ടോറിയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. ഈ കാലത്തെ പലിശ കൂടി മൊറട്ടോറിയം തെരഞ്ഞെടുത്തവർക്ക് ഇനി തിരിച്ചടവിൽ ഉൾപ്പെടും. ഇവരുടെ തിരിച്ചടവിൽ ആറ് തവണ കൂടി വർധിക്കുന്നതാണ്.

പലിശക്ക് പലിശ വരുന്നവർക്ക് പ്രതിമാസ തിരിച്ചടവ് തുക കൂടി വര്‍ധിക്കും.മൊറട്ടോറിയം കാലയളവിൽ പലിശയും കൂട്ടുപലിശയും ഈടാക്കുന്നത് സംബന്ധിച്ച കേസ് സുപ്രിംകോടതി ഒന്നാം തിയതിയാണ് വീണ്ടും പരിഗണിക്കുന്നത്. മോറോട്ടോറിയം നീട്ടണമെന്നും പലിശ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുളള ഹര്‍ജികളാണ് ഇത്തരത്തിൽ പരിഗണിക്കുന്നത്. വിഷയത്തിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കണമെന്നാണ് കോടതിയുടെ നിർദേശം.

ആദ്യം മൂന്ന് മാസത്തേക്കും പിന്നീട് വീണ്ടും മൂന്ന് മാസത്തേക്കുമായി പ്രഖ്യാപിച്ച വായ്പകള്‍ക്കുളള മോറട്ടോറിയം നീട്ടണമെന്ന് ആര്‍ബിഐയോട് സര്‍ക്കാര്‍ ആവശ്യം ഉന്നയിച്ചിട്ടില്ല എന്നും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തില്‍ മോറട്ടോറിയം നീട്ടാന്‍ സാധ്യതയില്ല. അങ്ങനെയെങ്കിൽ സെപ്തംബര്‍ ഒന്നു മുതല്‍ വായ്പകളുടെ തിരിച്ചടവ് തുടങ്ങേണ്ടി വരും. എന്നാല്‍ ഡിസംബര്‍ വരെ മോറട്ടോറിയം നീട്ടണമെന്നും മോറട്ടോറിയം കാലയളവില്‍ പലിശയും കൂട്ടുപലിശയും ഈടാക്കാനുളള നീക്കം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ മറ്റന്നാള്‍ സുപ്രീംകോടതി പരിഗണിക്കുമ്പോൾ വ്യത്യസ്‍തമായ നിലപാട് ഉണ്ടാവുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നാളെ കോടതിയെ നിലപാട് അറിയിക്കും.

മൊറട്ടോറിയം കാലയളവിലെ പലിശ തന്നെ രണ്ട് ലക്ഷം കോടി രൂപയോളം വരുമെന്ന് റിസർവ് ബാങ്ക് സുപ്രിം കോടതിയെ അറിയിച്ചിട്ടുണ്ട്. മൊറട്ടോറിയത്തിലുണ്ടാകുന്ന വായ്പാ മുടക്കം ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ല. സംസ്ഥാന സർക്കാരോ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയോ മൊറട്ടോറിയത്തിന്റെ കാലാവധി നീട്ടണമെന്ന് അഭ്യർഥിച്ചിട്ടില്ലാത്തതുകൊണ്ട് അടുത്ത മാസം മുതൽ തിരിച്ചടവ് തുടങ്ങേണ്ടി വരും. സെപ്റ്റംബർ മുതൽ വായ്പ തിരിച്ചടവിന് മുടക്കം വന്നാൽ അത് ക്രെഡിറ്റിനെ ബാധിക്കുമെന്നും വിവരം.