100 ദിവസം കൊണ്ട് 100 പദ്ധതികൾ, പ്രഖ്യാപനവുമായി മുഖ്യമന്ത്രി

single-img
30 August 2020

സംസ്ഥാനത്ത് നൂറുദിന കർമപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത 100 ദിവസം കൊണ്ട് 100 പദ്ധതികൾ പൂർത്തീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് മഹാമാരിയെ മറികടക്കാനുള്ള പദ്ധതികളെന്ന് മുഖ്യമന്ത്രി പറഞ്ഞു. സന്തോഷകരമായ ഓണം ഉറപ്പുവരുത്താന്‍ പരമാവധി ശ്രമിച്ചുവെന്നും സാധാരണക്കാര്‍ക്ക് നേരിട്ട് സമാശ്വാസ സഹായം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

”നവകേരളം സൃഷ്ടിക്കാനുള്ള ശ്രമം മുന്നേറുമ്പോഴാണ് മഹാമാരി വന്നത്. അതോടെ വേഗംകുറഞ്ഞ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോയേ സാധിക്കൂ. വികസന പ്രവർത്തനങ്ങൾക്ക് അവധി നൽകുന്നില്ല. കോവിഡ് ശക്തമായ തുടരുമെന്നതിനാൽ സാധാരണക്കാരായ മനുഷ്യർക്ക് നേരിട്ട് തന്നെ സമാശ്വാസം എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരാളും പട്ടിണി കിടക്കാൻ ആഗ്രഹിക്കുന്നില്ല. ഭക്ഷ്യകിറ്റ് വിതരണം വളരെ ഏറെ പ്രശംസം നേടിയതാണ്. 86 ലക്ഷം കിറ്റ് വിതരണം ചെയ്തു. ഓണക്കാലത്തും കിറ്റ് വിതരണം ചെയ്തു. അടുത്ത നാല് മാസക്കാലം കിറ്റ് വിതരണം ചെയ്യും. റേഷൻ കടവഴി ഇപ്പോൾ വിതരണം ചെയ്യുന്നതുപോലെ തന്നെയായിരിക്കും തുടർന്നും വിതരണം.

സാമൂഹ്യക്ഷേമ പെൻഷൻ‍ വിതരണം ചെയ്യാൻ സാധിച്ചു. പെൻഷൻ തുക 600 രൂപയിൽ നിന്നും 1000 രൂപയായും 1300 രൂപയായും വർധിപ്പിച്ചു. 35 ലക്ഷം ഗുണഭോക്താക്കൾ എന്നത് 58 ലക്ഷമായി വർധിച്ചു. 23 ലക്ഷം പുതുതായി പദ്ധതിയിൽ ഉൾപ്പെടുത്തി. കുടിശ്ശികയില്ലാതെ പെൻഷൻ വിതരണം ചെയ്തു. പെൻഷൻ 100 രൂപ വീതം വർധിപ്പിക്കും. ഇതു മാസം തോറും വിതരണം ചെയ്യും” മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പിൽ നൂറ് ദിവസത്തിനുള്ളിൽ ആവശ്യമെങ്കിൽ കൂടുതൽ നിയമനങ്ങൾ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പരിശോധന പ്രതിദിനം അര ലക്ഷം ആക്കും. 153 കുടുംബാരോഗ്യ കേന്ദ്രങ്ങൾ നൂറ് ദിവസം കൊണ്ട് ഉദ്ഘാടനം ചെയ്യുമെന്നും പിണറായി പ്രഖ്യാപിച്ചു. 10 പുതിയ ഡയാലിസിസ് കേന്ദ്രങ്ങൾ, മൂന്നു കാത്ത് ലാബുകൾ എന്നിവയും ആരംഭിക്കും.

പ്രാഥമിക ആരോ​ഗ്യകേന്ദ്രങ്ങളെ കുടുംബരോ​ഗ്യകേന്ദ്രങ്ങളാക്കി മാറ്റും. ഇതുവരെ 386 പ്രാഥമിക ആരോ​ഗ്യകേന്ദ്രങ്ങളെ കുടുംബാരോ​ഗ്യകേന്ദ്രങ്ങളാക്കി. അടുത്ത നൂറ് ദിവസത്തിൽ 153 പ്രാഥമിക ആരോ​ഗ്യകേന്ദ്രങ്ങൾ കൂടി ഉന്നത നിലവാരത്തിലേക്ക് ഉയർത്തും. കുടുംബാരോ​ഗ്യകേന്ദ്രങ്ങളിൽ രാവിലെയും വൈകിട്ടും ഒ പി പ്രവ‍ർത്തിക്കും.

മെഡി.കോളേജ്, ജില്ലാ, താലൂക്ക്, ജനറൽ ആശുപത്രികളിലായി 24 പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും. പത്ത് പുതിയ ഡയാലിസസ് കേന്ദ്രങ്ങൾ, ഒൻപത് സ്കാനിം​ഗ് കേന്ദ്രങ്ങൾ, മൂന്ന് കാത്ത് ലാബുകൾ, രണ്ട് കാൻസ‍ർ ചികിത്സാ കേന്ദ്രങ്ങൾ എന്നിവ അടുത്ത നൂറ് ദിവസത്തിൽ പൂ‍‍ർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.