ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കിംഗ് ഖാന്‍

single-img
29 August 2020

ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കിംഗ് ഖാന്‍ ഒരു ‘റോ’ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഉദ്യോഗസ്ഥന്‍ ആയി അഭിനയിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ്സൈറ്റ് ആയ കൊയ്മൊയാണ് ഇത്തരത്തിൽ റിപ്പോര്‍ട്ട് ചെയ്തത്. ഒന്നിലധികം അപ്പിയറന്‍സുകള്‍ ഉണ്ടാവും കഥാപാത്രത്തിന്. ഈ പ്രോജക്ടിനെക്കുറിച്ച് ഏറെനാള്‍ നീണ്ട ചര്‍ച്ചകള്‍ ആറ്റ്ലിക്കും ഷാരൂഖ് ഖാനുമിടയില്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് ഭീതി ഒഴിയുന്നപക്ഷം 2021 ആദ്യപകുതിയില്‍ ഈ സിനിമയുടെ ചിത്രീകരണം നടത്താനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി. വിജയ് നായകനായ ബിഗില്‍ ആണ് ആറ്റ്ലിയുടെ സംവിധാനത്തിലെത്തിയ അവസാനചിത്രം.

2018 ക്രിസ്‍മസിന് പ്രദര്‍ശനത്തിനെത്തിയ ‘സീറോ’യ്ക്കു ശേഷം സിനിമയില്‍ നിന്ന് അവധിയെടുത്തിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍. അതിനുശേഷം ഔദ്യോഗികമായി ഒരു അനൗണ്‍സ്‍മെന്‍റ് പോലും അദ്ദേഹത്തിന്‍റേതായി പുറത്തെത്തിയിട്ടില്ല. എന്നാല്‍ മൂന്ന് സംവിധായകരുടെ പേരുകള്‍ ഷാരൂഖിന്‍റെ ഭാവി പ്രോജക്ടുകളുടെ നിരയില്‍ കേട്ടിരുന്നു. രാജ്‍കുമാര്‍ ഹിറാനി, ആറ്റ്ലി, ആഷിക് അബു എന്നിവരുടെ പേരുകളാണ് പല സമയത്തായി ചര്‍ച്ചയായത്. എന്നാൽ ആറ്റ്ലിയുടെ പേര് തന്നെയാണ് ഉയർന്നുവരുന്നത്.