‘അർജുനന്റെ കത്തിലൂടെയാണ് അർജുനൻ’ ; ആ കത്ത് വെളിപ്പെടുത്തി രഞ്ജിത്ത് ശങ്കർ

single-img
29 August 2020

‘അർജുനൻ സാക്ഷി’ എന്ന സിനിമയിൽ ആരായിരുന്നു അർജുനൻ? എന്നുള്ള പ്രേക്ഷകരുടെ സംശയം വീണ്ടും ചർച്ചാവിഷയമാവുകയാണ്. പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത്ത് ശങ്കർ 2011 ൽ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് അർജുനൻ സാക്ഷി. കുറ്റകൃത്യം ചെയ്തത് സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്ന ആളാണെങ്കിൽ പ്രതികരിക്കാൻ പലർക്കും ഭയമായിരിക്കും. അത്തരത്തിലൊരു വ്യക്തിയാണ് അർജുനൻ സാക്ഷി എന്ന സിനിമയിൽ അർജുനൻ എന്നൊരു കഥാപാത്രം, താൻ ഫിറോസ് മൂപ്പന്റെ കൊലപാതകത്തിന് ദൃസാക്ഷിയാണ് എന്നും പക്ഷേ അത് തുറന്നു പറയാൻ തനിക്കു ധൈര്യമില്ല എന്നും പറഞ്ഞ് ഒരു കത്തെഴുതാൻ നിർബന്ധിതനാകുന്നത്.

അർജുനന്റെ ആ കത്തിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. ആ ഒരു പശ്ചാത്തലത്തിൽ മറ്റൊരു സ്ഥലത്തുനിന്നും ജോലിസംബന്ധമായി ആകസ്മികമായി കടന്നു വരുന്ന റോയ് എന്ന ചെറുപ്പക്കാരന്റെ ജീവിതം കൂടി ഈ കത്ത് മാറ്റി മറിക്കുന്നു. താൻ അല്ല അർജുനൻ എന്ന് തെളിയിക്കാൻ റോയ് ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഒടുവിൽ കൊലയാളിയെ കണ്ടെത്താനുള്ള ഉദ്യമത്തിൽ റോയ് കൂടി പങ്കാളിയാവുകയാണ്.

സിനിമ തീരുമ്പോഴും അർജുനൻ എന്ന കഥാപാത്രം ഒരു സമസ്യയായി നിലകൊള്ളുന്നു. ഒരുവേള റോയ് ആണോ അർജുനൻ എന്ന സംശയം ബലപ്പെടുമ്പോഴും മറ്റു പലരിലും സംശയം ചെന്നെത്തുന്നുണ്ട്. ഫിറോസ് മൂപ്പന്റെ പിതാവ് ജഗതി ശ്രീകുമാർ അഭിനയിച്ച മൂപ്പൻ എന്ന കഥാപാത്രം ആണോ അർജുനൻ എന്ന് ഒരു ഘട്ടത്തിൽ സംശയിക്കപ്പെടുന്നു. ഒടുവിൽ ഇവർ ആരുമല്ല പൊതു ജനം തന്നെയാണ്, അല്ലെങ്കിൽ സാധാരണക്കാരായ നമ്മൾ ഓരോരുത്തരുമാണ് അർജുനൻ എന്ന ഒരു സത്യമാണ് രഞ്ജിത്ത് ശങ്കർ ഈ ചിത്രത്തിൽ പറഞ്ഞു വയ്ക്കുന്നത്.