വന്യജീവി സംരക്ഷണ പ്രവർത്തകൻ കൊല്ലപ്പെട്ടു: കൊലയാളികൾ വർഷങ്ങളായി ഓമനിച്ചു വളർത്തുന്ന സിംഹങ്ങൾ

single-img
29 August 2020

വന്യജീവി സംരക്ഷണപ്രവര്‍ത്തകനായ വെസ്റ്റ് മാത്യൂസണ്‍ വളര്‍ത്തുസിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ  വെസ്റ്റ് മാത്യൂസണ്‍ കൊല്ലപ്പെട്ട വിവരം അദ്ദേഹത്തിൻ്റെ കുടുംബഞമാണ് അറിയിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. 

മാത്യൂസണ്‍ വളര്‍ത്തിയ വൈറ്റ് ലയണ്‍ വിഭാഗത്തില്‍പ്പെട്ട സിംഹമാണ് മാത്യൂസണെ ആക്രമിച്ചുകൊന്നത്. ദക്ഷിണാഫ്രിക്കയിലെ ലിംപോപോ പ്രവിശ്യയില്‍ മാത്യൂസണിന്റെ ഉടമസ്ഥതയിലുള്ള ലയണ്‍ ട്രീ ടോപ്പ് ലോഡ്ജിനു സമീപത്തുവെച്ചായിരുന്നു സംഭവം. 

വൈറ്റ് ലയണ്‍ വിഭാഗത്തില്‍പ്പെട്ട രണ്ട് സിംഹങ്ങളെ ചെറുപ്പകാലം മുതല്‍ സംരക്ഷിച്ച് വളര്‍ത്തിയത് അങ്കിള്‍ വെസ്റ്റ് എന്നറിയപ്പെടുന്ന വെസ്റ്റ് മാത്യൂസണ്‍ ആയിരുന്നു. ഇവയോട് ആശയവിനിമയം നടത്തിയും കളിച്ചും ശീലിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതിമായിരുന്നു ആക്രമണമെന്ന് കുടുംബം പറയുന്നു.

മാത്യൂസൺ കൊല്ലപ്പെടുന്ന സമയത്ത് അദ്ദേഹത്തിൻ്റെ കൂടെ ഭാര്യയും ഉണ്ടായിരുന്നു. ‘അദ്ദേഹത്തെ രക്ഷിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല’- മാത്യൂസണിന്റെ ഭാര്യ ഗില്‍ പറഞ്ഞു. പ്രകൃതിക്കൊപ്പം ജീവിക്കുക എന്ന സ്വപ്‌നമായിരുന്നു അദ്ദേഹം നയിച്ചത്. ഈ നഷ്ടം വലിയ വേദനയുണ്ടാക്കുന്നതാണെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു. 

ആക്രമണത്തിനു പിന്നാലെ സിംഹങ്ങളെ താല്‍ക്കാലിക കേന്ദ്രത്തിലേക്ക് മാറ്റി. ഇവയെ പിന്നീട് ഉചിതമായ സ്ഥലത്തേക്ക് മാറ്റുമെന്നും കുടുംബം വ്യക്തമാക്കി.