തീപിടിത്തത്തില്‍ സംശയകരമായി ഒന്നുമില്ലെന്ന് അന്വേഷണസംഘം

single-img
29 August 2020

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ സംശയകരമായി ഒന്നുമില്ലെന്ന് അന്വേഷണസംഘത്തിൻ്റെ നിഗമനം. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചശേഷം തിങ്കളാഴ്ചയോടെ പ്രത്യേക പൊലീസ് സംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് റിപ്പോർട്ടുകൾ. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പിഡബ്ലിയു ഡി നേരത്തെ വിലയിരുത്തിയിരുന്നു.

തീപിടിച്ച ഫയലുകളുടെ സാമ്പിള്‍, കരിയുടെ സാമ്പിള്‍ തുടങ്ങിയവയാണ് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചത്. വിരലടയാളവും ശേഖരിച്ചിട്ടുണ്ട്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ഷന്‍ വിഭാഗത്തിന്റെ പരിശോധനാ റിപ്പോര്‍ട്ടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധന പൂർണമായും റെക്കോഡ്‌ ചെയ്‌ത അന്വേഷണസംഘം, പൊളിറ്റിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തിക്കഴിഞ്ഞു. 

തീപിടിത്തത്തില്‍ 25 ഫയലുകള്‍ ഭാഗികമായി കത്തിയെന്നാണ് റിപ്പോര്‍ട്ട്. കത്തിയ ഫയലുകള്‍ സ്‌കാന്‍ ചെയ്തു തുടങ്ങി. അപകടത്തിന്റെ ഗ്രാഫിക്‌സ് വീഡിയോ തയ്യാറാക്കുകയാണ്. തീപടര്‍ന്നതിന്റെ കാരണം വ്യക്തമാക്കാനാണ് വീഡിയോ തയ്യാറാക്കുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ട് കൂടി ലഭിക്കുന്ന മുറയ്ക്ക് വീഡിയോ പൂര്‍ത്തിയാക്കും.