ഇനി ഒരു രാജ്യം- ഒറ്റ വോട്ടർ പട്ടികയുടെ വരവാണ്: ഒരു രാജ്യം- ഒരു തെരഞ്ഞെടുപ്പിലേക്ക് രാജ്യം കാലെടുത്തു വയ്ക്കുന്നു

single-img
29 August 2020

ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം യാഥാര്‍ഥ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താനുള്ള നീക്കങ്ങളുടെ ആദ്യപടിയായി രാജ്യത്താകമാനം ഒറ്റവോട്ടര്‍പട്ടിക എന്ന ആശയത്തേപ്പറ്റിയുള്ള ചര്‍ച്ചകള്‍ കേന്ദ്രം ആരംഭിക്കുന്നുവെന്നാണ് വിവരങ്ങൾ. തദ്ദേശ, നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ഒറ്റ വോട്ടര്‍ പട്ടിക എന്നതിനേപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച ചെയ്തു. എന്നാല്‍ ഒറ്റ വോട്ടര്‍ പട്ടിക എന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. 

ബിജെപിയും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഏറെക്കാലമായി മുന്നോട്ടുവെക്കുന്ന ആശയമാണ് ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പുകള്‍ നടത്തുക എന്നുള്ളത്. ഇതിന്റെ ഭാഗമായാണ് എല്ലാവോട്ടര്‍ പട്ടികയും ഒന്നാക്കാനുള്ള നിര്‍ദ്ദേശവുമായി കേന്ദ്രമെത്തുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ക്ക് ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്ക് പ്രത്യേകം വോട്ടര്‍ പട്ടികയുണ്ട്. ഇവയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടികയും തമ്മില്‍ ലയിപ്പിച്ച് ഒറ്റ വോട്ടര്‍ പട്ടികയാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. 

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയുടെ നേതൃത്വത്തില്‍ ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച ചെയ്തു. യോഗത്തില്‍ രണ്ട് നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്നുവന്നത്. വോട്ടര്‍പട്ടിക ഒന്നാക്കി മാറ്റുന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നതാണ് ഒരു നിര്‍ദ്ദേശം. മാത്രമല്ല തദ്ദേശഭരണ, നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളെല്ലാം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലാക്കുന്നതിന് നിയമ ഭേദഗതിയും ആവശ്യമാണെന്ന നിര്‍ദ്ദേശവും യോഗത്തില്‍ ഉയര്‍ന്നുവന്നു.

കേരളമടക്കം എഴ് സംസ്ഥാനങ്ങള്‍ വ്യത്യസ്തമായ വോട്ടര്‍ പട്ടികയാണ് തദ്ദേശഭരണ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. ഇതിനെല്ലാത്തിനും പകരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക ആക്കുകയാണ് തീരുമാനം ലക്ഷ്യമിടുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരച്ചറിയല്‍ കാര്‍ഡുള്ളവര്‍ പോലും ഇത്തരം സംസ്ഥാനങ്ങളിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോകുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളൊക്കെ ഒഴിവാക്കാന്‍ സാധിക്കുമെന്നുള്ളതാണ് കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്. 

ഒരു രാജ്യം ഒറ്റ വോട്ടര്‍ പട്ടിക എന്നത് നടപ്പിലാവുകയാണെങ്കില്‍ ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കാന്‍ സാധിക്കുമെന്ന് കേന്ദ്രം പറയുന്നു. ഇതിലൂടെ തിരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടിവരുന്ന വലിയ ചെലവുകള്‍ കുറയ്ക്കാനാകുമെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. വോട്ടര്‍പട്ടിക ഒന്നാക്കി മാറ്റുന്ന വിഷയത്തില്‍ വ്യത്യസ്ത വോട്ടര്‍ പട്ടികയുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ കാബിനറ്റ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തിയിരിക്കുകയാണ്.