നായികാനായകന്മാര്‍ ഇരു മതവിഭാഗങ്ങളില്‍ പെട്ടവർ: മതവികാരം വ്രണപ്പെടുത്തിയതിന് ടെലിവിഷൻ പരമ്പര നിരോധിച്ചു

single-img
29 August 2020

അസമില്‍ മത വികാരം വ്രണപ്പെടുത്തിയെന്ന കാരണത്താല്‍ ടെലിവിഷന്‍ പരമ്പരയ്ക്ക് വിലക്കേർപ്പെടുത്തി. ബീഗം ജാന്‍ എന്ന അസമീസ് ടിവി പരമ്പരയാണ് പോലീസ് രണ്ട് മാസത്തേക്ക് നിരോധിച്ചത്. പരമ്പരയിലെ നായികാനായകന്മാര്‍ ഇരു മതവിഭാഗങ്ങളില്‍ പെട്ടവരാണ്. വികാരങ്ങള്‍ വ്രണപ്പെട്ടതായി ആരോപിച്ച് ഒരു മതവിഭാഗത്തിലെ പ്രമുഖര്‍ രംഗത്തെത്തിയതോടെയാണ് പരമ്പരയ്ക്ക് വിലക്കേര്‍പ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ. 

പരമ്പരയ്‌ക്കെതിരെ ഹിന്ദു ജാഗരണ്‍ മഞ്ച്‌, ഓള്‍ അസം ബ്രാഹ്‌മിണ്‍ യൂത്ത് കൗണ്‍സില്‍, യുണൈറ്റഡ് ട്രസ്റ്റ് ഓഫ് അസം എന്നീ സംഘടനകള്‍ കൂടാതെ ഗുണജിത് അധികാരി എന്ന വ്യക്തിയും പോലീസിന് പരാതി നല്‍കിയിരുന്നു. ഇതിനെത്തുടർന്ന് പരമ്പരയുടെ നിര്‍മാതാക്കള്‍ താത്ക്കാലികമായി ഷൂട്ടിങ് നിര്‍ത്തി വെച്ചിരുന്നു. സമൂഹത്തിലെ ചില വിഭാഗങ്ങളുടെ മതവികാരം വ്രണപ്പെടുന്നതിനാലും പരമ്പരയിലെ ചില രംഗങ്ങളും പ്രയോഗങ്ങളും ഒരു പ്രത്യേക മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ളതാണെന്നാണ് കണ്ടെത്തല്‍. 

ഈ ടെലിഏവിഷൻ പരമ്പര കലാപത്തിന് പ്രേരകമാകും എന്നാരോപിച്ചാണ് കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് ആക്ട് അനുസരിച്ച് പരമ്പര നിർത്തിയത്.  രംഗോണി ടിവിയില്‍ സംപ്രേക്ഷണം ചെയ്തു വരുന്ന പരമ്പര നിരോധിച്ചതായി ഓഗസ്റ്റ് 24 ന് പുറത്തിറക്കിയ ഉത്തരവില്‍ പോലീസ് കമ്മിഷണര്‍ എം പി ഗുപ്തയാണ് അറിയിച്ചത്. അതേസമയം വിലക്കിനെതിരെ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കള്‍. 

പരമ്പരയില്‍ നായികയായി അഭിനയിക്കുന്ന പ്രീതി കൊങ്കണ ഓണ്‍ലൈനിലൂടെ തനിക്ക് വധഭീഷണി ഉള്ളതായി നേരത്തെ അറിയിച്ചിരുന്നു. പരമ്പരയില്‍ നായികയായ ഹിന്ദു യുവതിയായാണ് പ്രീതി അഭിനയിക്കുന്നത്. പ്രശ്‌നങ്ങളില്‍ പെടുന്ന നായികയെ നായകനായ മുസ്ലിം യുവാവ് സഹായിക്കുന്നതാണ് പരമ്പരയുടെ കഥ. ഇതാണ് ചില വിഭാഗങ്ങളെ ചൊടിപ്പിച്ചത്. ബീഗം ജാനിനെതിരെയുള്ള ലൗ ജിഹാദ് ആരോപണത്തെ തള്ളിക്കളഞ്ഞ് പ്രീതി മുമ്പേതന്നെ രംഗത്തെത്തിയിരുന്നു. 

മതവികാരം വ്രണപ്പെടുമെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് കേബിള്‍ ആക്ട് പ്രകാരമുള്ള ജില്ലാ കമ്മിറ്റി പരമ്പരയിലെ ആരോപണവിധേയമായ രംഗങ്ങള്‍ പരിശോധിച്ചിരുന്നു. പരമ്പര  മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് അസം പൊലീസ് പറയുന്നു. പരമ്പര നിരോധിച്ചതിനൊപ്പം പ്രാദേശിക ടിവി ചാനലിനു കാരണം ബോധിപ്പിക്കാന്‍ നോട്ടീസും നല്‍കിയിരിക്കുകയാണ്. 

തുടക്കം മുതൽ വിവാദത്തിലായ പരമ്പരയാണ് ബീഗം ജാൻ. മൂന്ന് മാസം മുമ്പാണ് പരമ്പരയുടെ സംപ്രേക്ഷണം ആരംഭിച്ചത്. സംപ്രേഷണം ആരംഭിച്ചതിനു പിന്നാലെ ജൂലായില്‍ തന്നെ പരമ്പരയ്‌ക്കെതിരെ ഓണ്‍ലൈനില്‍ സംഘടിത ആക്രമണം ആരംഭിച്ചിരുന്നു. ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരമ്പരയാണെന്ന് കാണിച്ച് ഹിന്ദു ജാഗരണ്‍ സമിതിയും രംഗത്തെത്തി.

ബോയ്‌കോട്ട് ബീഗം ജാന്‍, ബോയ്‌കോട്ട് രംഗോണി എന്നീ ഹാഷ്ടാഗുകളും ട്വിറ്ററില്‍ സജീവമായിരുന്നു. എന്നാൽ പരമ്പരയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചാനല്‍ ഉടമയും എഎം ടെലിവിഷൻ്റെ ചെയര്‍മാനും എംഡിയുമായ സഞ്ജീവ് നരെയ്ന്‍ വ്യക്തമാക്കി.