11 ദിവസം നീണ്ട പൂജ നടത്തി; 40 പുരോഹിതർക്ക് പ്രതിഫലം നൽകിയത് 5.53 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ

single-img
28 August 2020

11 ദിവസങ്ങള്‍ നീണ്ടുനിന്ന പൂജ നടത്തിയ നാല്‍പ്പത് പുരോഹിതര്‍ക്ക് പ്രതിഫലമായി നല്‍കിയ തുകയില്‍ സ്ത്രീ കള്ളനോട്ടുകള്‍ കൂടി നല്‍കി. യുപിയിലെ സീതാപുര്‍ ജില്ലയില്‍ തേര്‍വ മാണിക്പുര്‍ ഗ്രാമത്തിലാണ് പൂജയ്ക്ക് ശേഷം 5.53 ലക്ഷം രൂപയുടെ വ്യാജ നോട്ടുകള്‍ കൂടി നല്‍കിയത്. സംഭവത്തില്‍ കബളിപ്പിച്ച സ്ത്രീയെ പോലീസ് പിടികൂടുകയും ചെയ്തു.

തങ്ങള്‍ പറ്റിക്കപ്പെട്ടതായി തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പുരോഹിതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുക്കുകയായിരുന്നു. അന്വേഷണ ശേഷം ജി ആര്‍ പതക് എന്നയാളുടെ ഭാര്യ ഗീത പതക് എന്ന സ്ത്രീയെ കസ്റ്റഡിയില്‍ എടുത്തതായി ലഖ്നൗ റേഞ്ച് ഐ.ജി ലക്ഷ്മി സിങ് മാധ്യമങ്ങളോട് പറഞ്ഞു.

പോലീസ് യുവതിയെ കസ്റ്റഡിയില്‍ എടുത്തതിനുശേഷം നടത്തിയ പരിശോധനയില്‍ മനോരഞ്ജന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലുള്ള നിരവധി വ്യാജ നോട്ടുകള്‍ കൂടി അവരുടെ വാഹനത്തില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു. 11 ദിവസത്തെ പൂജയ്ക്കായി ഒന്‍പത് ലക്ഷംരൂപ പ്രതിഫലം വാഗ്ദാനം ചെയ്താണ് 40 പുരോഹിതരെ ഈ സ്ത്രീ ക്ഷണിച്ചത് എന്ന് പോലീസ് അറിയിച്ചു.

ഇവര്‍ പറഞ്ഞ പ്രകാരമുള്ള പൂജ അവസാനിച്ചതോടെ പുരോഹിതര്‍ക്ക് സ്ത്രീ പണമടങ്ങിയ ബാഗ് കൈമാറി. അവിടെ നിന്നും പോയശേഷം ഈപുരോഹിതര്‍ നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകളുടെ മുകളില്‍ മാത്രം ശരിയായ നോട്ടുകളും ഇവയുടെ ഉള്ളില്‍ വ്യാജ നോട്ടുകളുമാണ് ഉള്ളതെന്ന് മനസിലായത്.