കോൺഗ്രസിന് എന്നും മുതൽക്കൂട്ടാണ് തരൂർ: പിന്തുണയുമായി ശബരീനാഥന്‍ എംഎൽഎ

single-img
28 August 2020

ശശി തരൂര്‍ എംപിയെ പിന്തുണച്ച് യുവ നേതാവ് കെ എസ് ശബരീനാഥന്‍ എംഎല്‍എ. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ബഹുസ്വരതയ്ക്കും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിശാല കാഴ്ചപ്പാടിനും എന്നും ഒരു മുതല്‍ക്കൂട്ടാണ് തരൂരെന്ന് ശബരിനാഥൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. അതില്‍ ഒരു തിരുവനന്തപുരത്തുകാരനായ തനിക്ക് യാതൊരു സംശയവുമില്ലെന്ന് ശബരീനാഥന്‍ പറഞ്ഞു. 

തലപ്പത്ത് അഴിച്ചുപണി ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തയച്ചത് ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകവുമായി അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുമ്പോഴാണ് യുവനേതവായ ശബരീനാഥൻ പിന്തുണയുമായി രംഗത്തെത്തിയതെന്നുള്ളത് ശ്രദ്ധേയമാണ്. ‘എയര്‍പോര്‍ട്ട് വിഷയത്തിലും മറ്റും അദ്ദേഹത്തിന് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉണ്ടാകാം. എംപി എന്ന നിലയില്‍ അത് പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തുകൊണ്ട് നിലപാട് രൂപീകരിക്കാന്‍ മുന്‍കൈ എടുക്കണം. പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിനെതിരെ നിരന്തരം അപവാദ പ്രചരണങ്ങള്‍ നടത്തുമ്പോള്‍, അദ്ദേഹത്തിന് വേണ്ടി സംസാരിക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.’- ശബരീനാഥന്‍ പറഞ്ഞു. 

ശബരിനാഥൻ്റെ ഫേസ്ബുക്ക് കുറിപ്പ്:

ഡോക്ടര്‍ ശശിതരൂരിന് ഇന്ത്യയുടെ പൊതു സമൂഹത്തിലുള്ള മതിപ്പ് എന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് ജനങ്ങളെ ധരിപ്പിക്കേണ്ട ആവശ്യമില്ല.

രാജ്യത്തെ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങള്‍ പൗരത്വ ഭേദഗതി നിയമം, ദേശീയ വിദ്യാഭ്യാസ നയം, മതേതരത്വ കാഴ്ചപ്പാടുകള്‍, നെഹ്‌റുവിയന്‍ ആശയങ്ങള്‍, ഭാവി ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍,യുവാക്കളുടെ സ്പന്ദങ്ങള്‍.ദേശീയതയുടെ ശരിയായ നിര്‍വചനം ,ഇതെല്ലാം പൊതുസമൂഹത്തിന്, പ്രത്യേകിച്ചു യുവാക്കള്‍ക്ക് ഏറ്റവും വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത് ഡോക്ടര്‍ ശശി തരൂരിലൂടെയാണ്.

അദ്ദേഹം ഒരു വിശ്വപൗരന്‍ ആയതുകൊണ്ടാണ് കോവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ MP ഫണ്ടുകള്‍ നിര്‍ത്തലാക്കിയപ്പോള്‍ ബന്ധങ്ങള്‍ ഉപയോഗിച്ചുകൊണ്ട് തിരുവനന്തപുരത്തിനു വേണ്ടി മാതൃകയായ പല കോവിഡ് പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ കഴിഞ്ഞിട്ടുള്ളത്. ഈ പ്രവര്‍ത്തനങ്ങള്‍ കാരണമാണ് തിരുവനന്തപുരത്തുക്കാര്‍ മഹാ ഭൂരിപക്ഷം നല്‍കി അദ്ദേഹത്തെ മൂന്നാം തവണയും ലോക്‌സഭയിലേക്ക് അയച്ചത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ബഹുസ്വരതയ്ക്കും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിശാല കാഴ്ചപ്പാടിനും എന്നും ഒരു മുതല്‍ക്കൂട്ടാണ് ഡോ:തരൂര്‍.അതില്‍ ഒരു തിരുവനന്തപുരത്തുകാരനായ എനിക്ക് യാതൊരു സംശയമില്ല.

എയര്‍പോര്‍ട്ട് വിഷയത്തിലും മറ്റും അദ്ദേഹത്തിന് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉണ്ടാകാം, MP എന്ന നിലയില്‍ അത് പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തുകൊണ്ട് നിലപാട് രൂപീകരിക്കാന്‍ മുന്‍കൈ എടുക്കണം. പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിനെതിരെ നിരന്തരം അപവാദ പ്രചരണങ്ങള്‍ നടത്തുമ്പോള്‍, അദ്ദേഹത്തിന് വേണ്ടി സംസാരിക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.