മലപ്പുത്തൂർ ഭൂമി ഇടപാടിൽ പങ്കുണ്ടെന്ന ആരോപണം; സിപിഐ നേതാവ് പ്രകാശ് ബാബു നൽകിയ മാനനഷ്ടക്കേസ് തള്ളി കോടതി

single-img
28 August 2020

കൊല്ലം: മലപ്പുത്തൂരിൽ സർക്കാർ ഭൂമി സ്വകാര്യ വ്യക്തിയ്ക്ക് കൈമാറിയ കേസിൽ സിപിഐ നേതാവ് പ്രകാശ് ബാബുവിന് പങ്കുണ്ടെന്ന ആരോപണത്തിനെതിരായി പ്രകാശ് ബാബു നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി. കൊല്ലം പ്രിൻസിപ്പൽ സബ് ജഡ്ജ് ജസ്റ്റിസ് ഡോണി തോമസ് വർഗീസ് ആണ് പ്രകാശ് ബാബു സമർപ്പിച്ച മാനനഷ്ടക്കേസ് തള്ളിയത്.

ആരോപണം ഉന്നയിച്ച മുൻ സിപിഐ നേതാക്കളായ ജി ഉദയകുമാർ, പ്രശാന്ത് ഡി, അനീഷ് വി എസ്, രാഗേഷ് കൃഷ്ണ, വിജയകുമാർ, അജമലൻ എന്നിവരെയും ഇവരുടെ പത്രസമ്മേളനം റിപ്പോർട്ട് ചെയ്ത പ്രമുഖ മാധ്യമങ്ങളെയും പ്രതികളാക്കി പ്രകാശ് ബാബു കൊല്ലം പ്രിൻസിപ്പൽ സബ് കോടതിയിൽ ഫയൽ ചെയ്ത മാനനഷ്ടക്കേസിലാണ് വിധി വന്നത്.



പരാതിക്കാരന് മനഃപൂർവ്വം മാനനഷ്ടം ഉണ്ടാക്കുന്നതിനായി കുറ്റകരമായി എന്തെങ്കിലും ചെയ്തതായി കണ്ടെത്താനായില്ലെന്നും പൊതുപ്രവർത്തകർക്ക് നേരേ ഉണ്ടാകുന്ന സ്വാഭാവിക രാഷ്ട്രീയ ആരോപണം മാത്രമാണ് അതെന്നുമാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. മാധ്യമങ്ങൾ ഇവരുടെ പതസമ്മേളനം റിപ്പോർട്ട് ചെയ്യുക മാത്രമാണ് ചെയ്തതെന്നും അതിന്റെ പേരിൽ മാധ്യമസ്വാതന്ത്ര്യത്തിൽ ഇടപെടുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. 11 ലക്ഷം രൂപയായിരുന്നു പ്രകാശ് ബാബു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.

കൈമാറിയത് 144 ഏക്കർ സർക്കാർ ഭൂമി; മതിപ്പ് വില 100 കോടി

2010-ലാണ് കൊല്ല ജില്ലയിലെ വെളിയം പഞ്ചായത്തിലെ മാലയിൽ വാർഡിൽ മലപ്പുത്തൂരിലെ 140 ഏക്കർ സർക്കാർ ഭൂമി സ്വകാര്യവ്യക്തിയ്ക്ക് പതിച്ച് നൽകിയത്. സിപിഐ നേതാവ് കെപി രാജേന്ദ്രൻ റവന്യൂ മന്ത്രിയായിരിക്കേ നടന്ന ഈ ഭൂമി ഇടപാട് അന്യായമാണെന്നും അതിൽ അന്ന് സിപിഐ ജില്ലാ സെക്രട്ടറിയായിരുന്ന പ്രകാശ് ബാബു ഇടപെട്ടുവെന്നുമായിരുന്നു ഉദയകുമാർ അടക്കമുള്ളവർ 2014-ൽ നടത്തിയ പത്രസമ്മേളനത്തിൽ ആരോപിച്ചത്.

കമ്യൂണിസ്റ്റുകാർ നടത്തിയ മിച്ചഭൂമി സമരത്തിന്റെ ഭാഗമായി സർക്കാരിന് ലഭിച്ച ഭൂമിയാണ് കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്ത് ഭൂ ഉടമ വളഞ്ഞവഴിയിലൂടെ തിരിച്ചുപിടിച്ചതെന്ന് ഇവർ ആരോപിച്ചു. ഇതിനായി പ്രകാശ് ബാബുവും സിപിഐ ജില്ലാ കൌൺസിൽ അംഗവുമായിരുന്ന കെ ജി രാധാകൃഷ്ണപിള്ളയും റവന്യൂ മന്ത്രി കെപി രാജേന്ദ്രനെ സ്വാധീനിച്ചുവെന്നും ഉദയകുമാർ ആരോപിച്ചിരുന്നു. വസ്തുവിനെക്കുറിച്ച് ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന കാര്യം മറച്ചുവെച്ച് കെപി രാജേന്ദ്രനെ ജില്ലാ നേതൃത്വം തെറ്റിദ്ധരിപ്പിച്ചുവെന്നും ഇദ്ദേഹം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് താൻ പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയതിനെത്തുടർന്നാണ് തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയതെന്നും ഉദയകുമാർ പറഞ്ഞു.

സിപിഐയുടെ മുതിർന്ന നേതാക്കളായിരുന്ന വെളിയം ഭാർഗവന്റെയും വെളിയം ദാമോദരന്റെയും നേതൃത്വത്തിൽ സമരം ചെയ്തായിരുന്നു മലപ്പുത്തൂരിലെ മിച്ചഭൂമി സർക്കാരിലേയ്ക്ക് കണ്ടെടുത്തത്. ഈ ഭൂമി സർവ്വേ നമ്പരും തണ്ടപ്പേരും തിരുത്തി സ്വകാര്യവ്യക്തിയ്ക്ക് പതിച്ച് നൽകിയെന്നായിരുന്നു ഉദയകുമാർ ആരോപിച്ചത്.

വിജിലൻസ് അന്വേഷണം

മലപ്പുത്തൂർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസർ അടക്കം നിരവധി ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി ഉണ്ടാകുകയും വിജിലൻസ് അന്വേഷണം നടക്കുകയും ചെയ്തിരുന്നു. വിജിലൻസ് അന്വേഷണത്തിൽ സർക്കാർ ഭൂമി തരം മാറ്റിയതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. തരം മാറ്റിയവർക്കെതിരെയും സബ് രജിസ്ട്രാർ ഓഫിസിലെ ഏഴു പേർക്കെതിരെയും നിയമ നടപടി സ്വീകരിക്കും. സർക്കാർ ഭൂമിയായ 144 ഏക്കർ സർക്കാർ ഏറ്റെടുക്കണമെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ഈ ഭൂമിയിൽ വ്യാജ പ്രമാണം ചമച്ച് ഭൂമി കൈയേറിയെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് വെളിയം വില്ലേജ് ഓഫിസറടക്കം ഏഴു പേർക്കെതിരെ നിയമ നടപടി സ്വീകരിച്ചിരുന്നു.

മലപ്പത്തൂരിലെ സർക്കാർ ഭൂമി റബർ പ്ലാേൻറഷനുവേണ്ടിയാണ് വിട്ടുനൽകിയിരുന്നത്. എന്നാൽ, ഭൂമി തരം തിരിക്കൽ മാത്രമാണ് നടന്നതെന്നും വ്യാജപ്രമാണം നിർമിച്ചില്ലെന്നുമാണ് വിജിലൻസ് കണ്ടെത്തിയത്. തരം മാറ്റിയ സർക്കാർ ഭൂമിയിൽ മൂന്ന് നിർമാണ പ്രവർത്തനങ്ങളാണ് നടന്നത്. ഇതിന് ഒത്താശ നിന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് വിജിലൻസ് സർക്കാറിനെ അറിയിച്ച് മാസങ്ങളായിട്ടും റവന്യൂ വകുപ്പ് അനാസ്ഥ കാട്ടു​ന്നതായും ആരോപണമുണ്ട്.