ജോസ് കെ മാണി പക്ഷത്തെ പ്രശംസിച്ച് സിപിഎം, നിലപാടിൽ മാറ്റമില്ലാതെ സിപിഐ

single-img
28 August 2020

രാജ്യസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ അവിശ്വാസത്തിലും ഇടത് അനുകൂല നിലപാടെടുത്ത കേരളാ കോൺഗ്രസ് ജോസ് കെ മാണി പക്ഷത്തെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് ജോസ്‌കെ മാണി വിഭാഗം എടുത്ത നിലപാടിനെ വളരെ പ്രതീക്ഷയോടെയാണ് സിപിഎം കാണുന്നത്. വളരെ ശക്തമായ സമ്മര്‍ദ്ദമുണ്ടായിട്ടും അവിശ്വാസ പ്രമേയത്തില്‍ എല്‍ഡിഎഫിനെതിരായ നിലപാട് സ്വീകരിക്കാന്‍ ജോസ് കെ മാണി വിഭാഗം തയ്യാറാവാത്ത സാഹചര്യവും രാജ്യസഭാ തെര‍ഞ്ഞെടുപ്പിൽ വിട്ടു നിന്ന ജോസ് പക്ഷ നിലപാടുമൊക്കെ തന്നെയാണ് ദേശാഭിമാനിയിൽ കോടിയേരിയുടെ ലേഖനത്തിൽ വ്യക്തമാകുന്നത് .

യുഡിഎഫ് വിട്ട് പുറത്തു വരുന്ന കക്ഷികളുടെ രാഷ്ട്രീയ നിലപാടും സമീപനവും നോക്കി സ്വീകരിക്കുമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത് . എല്‍ഡിഎഫ് ചര്‍ച്ചയിലൂടെയായിരിക്കും നിലപാട് സ്വീകരിക്കുന്നത്. യുഡിഎഫിനെയും ബിജെപിയെയും ദുര്‍ബലപ്പടുത്തുകയാണ് ലക്ഷ്യമെന്ന് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തില്‍ കോടിയേരി നിലപാട് വ്യക്തമാക്കി. ഒരു കാരണവശാലും ജോസ് കെ മാണിയെ എടുക്കാന്‍ അനുവദിക്കില്ല എന്ന നിലപാടാണ് സിപിഐ ഇത്രനാളും സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് യുഡിഎഫിൽ നിന്ന് പുറത്തു വരുന്നവരുടെ രാഷ്ട്രീയ നിലപാട് നോക്കി എൽഡിഎഫിൽ ചർച്ച ചെയ്ത ശേഷം മുന്നണിയിലേക്കെടുക്കുന്നതാലോചിക്കുമെന്ന് കോടിയേരി പറഞ്ഞത്.

രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്മ ആരോടും ഇല്ലെന്നും നിലപാട് വ്യക്തമാക്കേണ്ടത് ജോസ് കെ മാണി വിഭാഗമാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഇപി ജയരാജന്‍റെ പ്രതികരണം. കെഎം മാണിയുടെ മരണത്തോടെ എതിർപ്പുകളെല്ലാം ഇല്ലാതായെന്ന് ഇടത് മുന്നണി കൺവീനറും വ്യക്തമാക്കിയിട്ടുണ്ട്.

ഒളിഞ്ഞും തെളിഞ്ഞും കേരളാ കോൺഗ്രസും സിപിഎമ്മും മുന്നണിമാറ്റം സൂചിപ്പിക്കുമ്പോൾ ഇടത് മുന്നണിക്ക് അകത്ത് പക്ഷെ കാര്യങ്ങൾ അത്ര എളുപ്പമാകില്ല. ജോസ് കെ മാണിയുടെ വരവ് ചർച്ചയായപ്പോൾ തന്നെ കടുത്ത എതിര്‍പ്പുമായി സിപിഐ രംഗത്തെത്തിയിരുന്നു. തുടക്കം മുതൽ ഇന്നോളം സിപിഐ തങ്ങളുടെ നിലപാടിൽ നിന്നും പിന്നോട്ട് പോയിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യ നീക്കം പുരോഗമിക്കുമ്പോൾ മുന്നണിക്കകത്തെ സമവായത്തിന് സിപിഎം എന്തു ചെയ്യും? എന്ന ചോദ്യവുമുയരുന്നുണ്ട്.

ജോസ് പക്ഷം നിലപാട് പരസ്യമാക്കിയ ശേഷം തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചർച്ചകൾ തുടങ്ങാം എന്നാണ് സിപിഎം ആലോചന. തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിയിലെടുക്കാതെ കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളിൽ ഒരു കൂട്ടുകെട്ടിനും പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം. മരങ്ങാട്ടുപ്പള്ളി പഞ്ചായത്തിൽ എൽഡിഎഫിനൊപ്പം ജോസ് പക്ഷത്തിലെ അംഗങ്ങൾ യുഡിഎഫ് ഭരണസമിതിക്കെതിരെ കത്ത് നൽകിയത് ഇതിന്‍റെ ആദ്യപടിയായാണ് വിലയിരുത്തപ്പെടുന്നത്. അപ്പോഴും സിപിഐ എതിർപ്പാണ് വെല്ലുവിളി. പുതിയ സംഭവ വികാസങ്ങളിലും ജോസ് പക്ഷത്തോടുള്ള നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ വ്യക്തമാക്കുന്നു.