ആരോഗ്യനില മോശം; രാജിവെക്കാനൊരുങ്ങി ജപ്പാന്‍ പ്രധാനമന്ത്രി

single-img
28 August 2020

ആരോഗ്യനില മോശമായതിനെ തുടർന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ രാജി വെയ്ക്കാന്‍ തയ്യാറെടുക്കുന്നു. ദീര്‍ഘ കാലമായി വൻകുടൽ സംബന്ധമായ അസുഖം ബാധിച്ചിരുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യ നില സമീപ ദിവസങ്ങളില്‍ വഷളാകുകയായിരുന്നു.

തന്‍റെ ആരോഗ്യം മോശമാവുക വഴി രാജ്യത്തിന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം താളം തെറ്റാതിരിക്കാനും മറ്റു ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാനുമാണ് രാജിവെക്കാനുള്ള തീരുമാനമെന്ന് ജപ്പാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഴി ആബേ അറിയിക്കുകയായിരുന്നു.

2012-ല്‍ രാജ്യത്ത് രണ്ടാം വട്ടം അധികാരത്തിലേറിയ അദ്ദേഹം ജപ്പാന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ഭരിക്കുന്ന പ്രധാന മന്ത്രി എന്ന നേട്ടവും കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയിരുന്നു. ഇതിന് മുന്‍പ് 2007-ല്‍ അദ്ദേഹം സമാന അസുഖത്തെ തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് ഒരിക്കല്‍ രാജി വച്ചിരുന്നു. ചെറുപ്പകാലം മുതല്‍ ആബേയെ അലട്ടുന്ന അസുഖമാണ് ഇപ്പോള്‍ കൂടിയിരിക്കുന്നത്.

കഴിഞ്ഞ ജൂലൈ മുതലാണ് തനിക്ക് അസുഖം മൂര്‍ച്ഛിച്ചതെന്നും ഈ സാഹചര്യത്തില്‍ താന്‍ സ്വീകരിക്കുന്ന നടപടികളില്‍ യാതൊരു പാകപ്പിഴകളും വരാതിരിക്കാന്‍ സ്ഥാനമൊഴിയുന്നതാണ് നല്ലതെന്നും തീരുമാനിക്കുകയായിരുന്നു എന്ന് ആബേ അറിയിക്കുകയായിരുന്നു. ജനങ്ങള്‍ നല്‍കിയ കാലാവധി തികയ്ക്കാതെ പദവിയില്‍ നിന്ന് ഒഴിയുന്നതില്‍ അദ്ദേഹം ജപ്പാന്‍ ജനതയോട് ക്ഷമാപണവും നടത്തുകയുണ്ടായി.