വിവാദവ്യവസ്ഥകളുമായി കേന്ദ്രത്തിന്റെ ആരോഗ്യ ഐഡി, ജാതിയും രാഷ്ട്രീയവും അടക്കം അറിയിക്കണം

single-img
28 August 2020

വിവാദ വ്യവസ്ഥകളുമായി കേന്ദ്രസർക്കാരിന്റെ ആരോഗ്യ ഐഡി. വിവര ശേഖരത്തിന്റെ ഭാഗമായി വ്യക്തികളുടെ ജാതിയും രാഷ്ട്രീയ ചായ്‌വും അറിയിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. ഇതിനു പുറമേ വ്യക്തികളുടെ ലൈംഗിക താല്‍പര്യം, സാമ്പത്തിക നില എന്നിവയും രേഖപ്പെടുത്താന്‍ ശുപാര്‍ശയുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും അറിയിക്കണം. കരട് ആരോഗ്യ നയത്തില്‍ സെപ്റ്റംബര്‍ മൂന്നുവരെ ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. അതേസമയം ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓരോ ഇന്ത്യക്കാരനും ആധാർ പോലുള്ള ആരോഗ്യ ഐഡി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. ആരോഗ്യമേഖലയിലെ വിപ്ലവമെന്നു പറഞ്ഞ് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. ഹെല്‍ത്ത് മാനേജ്‌മെന്റ് നയപ്രകാരം വ്യക്തിപരമായ വിവരങ്ങള്‍ നല്‍കണം. രോഗങ്ങളും ചികിത്സാ വിവരങ്ങളും നല്‍കുന്നതിനു പുറമേ ജാതി, മതവിശ്വാസം, ലൈംഗിക താല്‍പര്യം, ബാങ്ക് ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവയും സര്‍ക്കാര്‍ തേടും.

ഒരു പൗരന്റെ എല്ലാ മെഡിക്കൽ പരിശോധന റിപ്പോർട്ടുകളും കുറിപ്പുകളും രോഗചരിത്രവും ആരോഗ്യ ഐഡിയിൽ ഉണ്ടാകുമെന്നാണ് പ്രഖ്യാപിച്ചത്. ഒരാളുടെ രോഗവിവരങ്ങള്‍, പരിശോധന, കഴിക്കുന്ന മരുന്നുകള്‍, ലാബ് റിപ്പോര്‍ട്ടുകളും എന്നിവയും ഡേറ്റാബേസിലുണ്ടാകും. എന്നാല്‍ ഇത് നല്‍കാതിരിക്കാന്‍ വ്യക്തികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കരടില്‍ പറയുന്നുണ്ട്. താത്പര്യമുണ്ടെങ്കില്‍ മാത്രം ഈ വിവരങ്ങള്‍ നല്‍കിയാല്‍ മതിയാകും. അല്ലാത്തപക്ഷം ഈ ഹെല്‍ത്ത് ഐ.ഡി. കാര്‍ഡ് വേണ്ടെന്നു വെക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ടെന്നും കരടില്‍ പറയുന്നു.

ഈ വിവരങ്ങള്‍, കേന്ദ്രതലത്തിലും സംസ്ഥാന തലത്തിലും അതത് ചികിത്സ കേന്ദ്രങ്ങളില്‍ മാത്രമേ സൂക്ഷിക്കുകയുള്ളൂ. ഗവേഷണത്തിന് വിവരങ്ങള്‍ നല്‍കുകയാണെങ്കില്‍ ആ വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിടരുതെന്ന നിര്‍ദേശവും കരടില്‍ നല്‍കിയിട്ടുണ്ട്. പദ്ധതിയില്‍ ടെലി മെഡിസിന്‍, ഇ ഫാര്‍മസി തുടങ്ങിയവ സ്വകാര്യമേഖലയ്‍ക്ക് കൈമാറാനുള്ള നീക്കത്തെയും പ്രതിപക്ഷം എതിര്‍ക്കുന്നു. വിവാദ വ്യവസ്ഥകളെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. അതേസമയം, ആരോഗ്യ ഐഡിയിലേക്ക് ജാതി ചോദിക്കുന്നതില്‍ തെറ്റില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞത്.