കാർ ഓടിച്ചത് ബാലഭാസ്‌കര്‍ തന്നെ; സിബിഐയോട് മൊഴി ആവര്‍ത്തിച്ച് ഡ്രൈവര്‍ അര്‍ജ്ജുന്‍

single-img
28 August 2020

സംഗീത സംവിധായകൻ ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് താൻ ഏത് അന്വേഷണത്തിനും തയ്യാറെന്ന്
ഡ്രൈവർ അർജ്ജുൻ സിബിഐയോട് വ്യക്തമാക്കി. ആവശ്യമെങ്കിൽ നുണ പരിശോധനക്ക് തയ്യാറാണെന്നും അപകട ദിവസം കൊല്ലത്ത് നിന്ന് കാർ ഓടിച്ചത് ബാലഭാസ്‌കറാണ് എന്നും അർജ്ജുൻ ആവർത്തിച്ചു.

ബാലഭാസ്കർ വാഹനം ഓടിക്കുമ്പോൾ താൻ പിന്നിലെ സീറ്റിൽ ഉറങ്ങുകയായിരുന്നെന്നും ഇയാൾ മൊഴി നൽകി. ഇതോടൊപ്പം അപകടത്തിൽ തനിക്ക് പറ്റിയ പരിക്കുകളുടെ ചിത്രങ്ങളും അർജുൻ സിബിഐ സംഘത്തിന് കൈമാറി.ഇന്ന് തൃശ്ശൂരിൽ സിബിഐ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അർജ്ജുൻ.

ഏകദേശം രണ്ട് മണിക്കൂറോളം തിരുവനന്തപുരം സിബിഐ എസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അർജ്ജുനെ ചോദ്യം ചെയ്തു. അതേസമയം ഇപ്പോഴും അപകടം ഉണ്ടായ വാഹനം ഓടിച്ചത് ആരാണെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.ആദ്യം കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘത്തിന് നൽകിയ മൊഴിയിലും അർജുൻ വണ്ടിയോടിച്ചത് താനല്ല എന്ന് പറഞ്ഞിരുന്നു. എന്നാൽ അപകടസമയം വാഹനത്തിലുണ്ടായിരുന്ന ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി നൽകിയ മൊഴിയിൽ അർജുനാണ് വാഹനം ഓടിച്ചതെന്നാണ് പറഞ്ഞിരിക്കുന്നത്.