അനിൽ നമ്പ്യാർ വെറും പരൽ മീൻ; വി മുരളീധരന്റെ ഇടപെടൽ പകൽ പോലെ വ്യക്തം: ഡിവൈഎഫ്ഐ

single-img
28 August 2020

സ്വർണക്കടത്ത് കേസിൽ ജനം ടി വി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനിൽ നമ്പ്യാർ വെറും പരൽമീൻ മാ‌ത്രമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. വമ്പൻ സ്രാവ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലാണെന്നും റഹീം ആരോപിച്ചു.

വ്യാജരേഖയുണ്ടാക്കാനാണ് അനിൽ നമ്പ്യാർ ശ്രമിച്ചത്. കോൺസുലേറ്റ് ജനറലിന്‍റെ കത്ത് താൻ തയ്യാറാക്കി നൽകാമെന്നാണ് അനിൽ നമ്പ്യാർ പറഞ്ഞത്. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ അദ്ദേഹത്തിന്റെ മന്ത്രാലയത്തിന്റെ കത്ത് നൽകുന്ന കാര്യമാണ് അനിൽ നമ്പ്യാർ പറഞ്ഞത്. വി മുരളീധരന്‍റെ ബുദ്ധിയായിരുന്നു ആ കത്തെന്നും റഹീം ആരോപിച്ചു.

ഇത് ഡിപ്ലോമാറ്റിക് ബാഗേജല്ല എന്ന് ആദ്യം മുതൽ പ്രതിപാദിക്കുന്നത് വി മുരളീധരൻ ആണ്. ഇങ്ങനെ പറയാനാണ് സ്വപ്നയോട് അനിൽ നമ്പ്യാർ ആവശ്യപ്പെട്ടതും. ഇതിൽ വി മുരളീധരന്റെ ഇടപെടൽ പകൽപോലെ വ്യക്തമാണെന്നും എ എ റഹീം ആരോപിച്ചു.

യുഎഇ കോൺസുലേറ്റ് ജനറൽ അനിൽ നമ്പ്യാരുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യസ്ഥാപനം ഉദ്ഘാടനം ചെയ്തത് ആരുടെ അനുമതിയോടെയാണെന്നും എ എ റഹീം ചോദിച്ചു. വിദേശകാര്യമന്ത്രാലയം ഇതിനെല്ലാം അനുമതി കൊടുത്തത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.



ഇത് നയതന്ത്ര പ്രശ്നമാണ്, വിദേശകാര്യ മന്ത്രാലയം ഇതുവരെ റിപ്പോർട്ട് തേടാത്തതെന്തെന്നും എഎ റഹീം ചോദിച്ചു. രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന പ്രശ്നമാണ് ഇത്. വി.മുരളീധരന്‍റെ ഇടപെടൽ പകൽ പോലെ വ്യക്തമാണ്. അനിൽ നമ്പ്യാർ സ്വന്തം ഇഷ്ടപ്രകാരമല്ല സ്വപ്ന സുരേഷിനെ വിളിച്ചതെന്നും റഹീം പറഞ്ഞു. വി മുരളീധരൻ അന്വേഷണത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്.

അനിൽ നമ്പ്യാരുടെ അന്നത്തെ ഫോൺ കോൾ രേഖകൾ പരിശോധിക്കണം. എന്‍ഐഎ അനിൽ നമ്പ്യാരെ പ്രതിചേർത്ത് അന്വേഷിക്കണം. ഇക്കാര്യത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു.