അയാള്‍ എങ്ങിനെ ബിജെപിക്കാരനാകും, അനില്‍ നമ്പ്യാര്‍ക്ക് കൂടുതല്‍ ബന്ധം കോടിയേരി ബാലകൃഷ്ണനോട്: സന്ദീപ് വാര്യര്‍

single-img
28 August 2020

സംഘപരിവാർ അനുകൂല ചാനലായ ജനം ടിവിയുടെ ബിജെപി ബന്ധം നിഷേധിച്ച് സംസ്ഥാനത്തെ ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ജനം ടിവിയുടെ കോര്‍ഡിനേറ്റിംഗ് എഡിറ്ററായ അനില്‍ നമ്പ്യാര്‍ ബിജെ.പിക്കാരനല്ലെന്നും സന്ദീപ് പ്രതികരിച്ചു.



സന്ദീപ് വാര്യരുടെ വാക്കുകൾ: ‘അനില്‍ നമ്പ്യാര്‍ക്ക് ബിജെപിയുമായിട്ട് എന്ത് ബന്ധമാണുള്ളത്. അയാള്‍ എങ്ങിനെ ബിജെപി ക്കാരനാകും. എനിക്കറിയാവുന്നിടത്തോളം അനില്‍ നമ്പ്യാര്‍ക്ക് കൂടുതല്‍ ബന്ധമുള്ളത് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനോടാണ്.

അനിൽ ചെയ്ത ഫോണ്‍ വിളികള്‍ പരിശോധിച്ചു നോക്കൂ… അതിൽ നിന്നും കൂടുതല്‍ കോളുകളും പോയിരിക്കുന്നത് കോടിയേരിയുടെ കുടുംബത്തിലെ അംഗങ്ങള്‍ക്കാണ്’-

തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണ്ണകടത്തുകേസുമായി ബന്ധപ്പെട്ട് ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിച്ച പിന്നാലെ ചാനലിന് ബിജെപിയുമായി യാതൊരു ബന്ധമില്ലെന്ന് പറഞ്ഞ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.