സെക്രട്ടേറിയേറ്റ് തീപിടുത്തം: അന്വേഷണം ഊർജ്ജിതം

single-img
27 August 2020

സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ അന്വേഷണം ഊർജ്ജിതം. കൂടുതൽ സാക്ഷികളുടെ മൊഴികൾ അന്വേഷണ സംഘം ഇന്നും രേഖപ്പെടുത്തും. തീപിടിത്തം ആദ്യം കണ്ട ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്റെയും, സ്ഥലത്തേക്ക് ഓടിയെത്തിയവരുടേയും മൊഴികൾ പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.  

സ്ഥലത്തെ സിസിടിവി അടക്കമുളള കാര്യങ്ങളും ഇന്ന് പൊലീസ് പരിശോധിക്കും. അതിനിടെ എഡിജിപി മനോജ് എബ്രാഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ ഇന്ന് കോടതിയിൽ സമർപ്പിക്കും. ശാസ്ത്രീയ പരിശോധനകൾക്കായി ഫൊറൻസിക് ലാബിലേക്ക് അയക്കുന്നതിന് വേണ്ട‍ിയാണിത്. ഫോറൻസിക് ഫലം വന്നാലുടൻ അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിക്കും. 

തീയുണ്ടായത് പ്രോട്ടോക്കോള്‍ വിഭാഗത്തിലെ  ഫാനിന്റെ  തകരാര്‍ മൂലമെന്ന് പൊതുമരാമത്ത് വകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. പ്രോട്ടോക്കോള്‍ വിഭാഗത്തിലെ  അടച്ചിട്ട മുറിയിലെ ചുമരിലെ ഫാന്‍ ചൂടായി പ്ലാസ്റ്റിക് ഉരുതി കര്‍ട്ടണിലേക്കും ഷെല്‍ഫിലേക്കും പേപ്പറിലേക്കും വീണു. ഇതാണ്  കാരണമെന്നാണ് പൊതുമരാത്ത് വകുപ്പിന്റെ കണ്ടത്തല്‍.  ഷോര്‍ട്ട് സര്‍ക്ക്യൂട്ടാവും കാരണമെന്നാണ് ദുരന്ത നിവാരണ കമ്മീഷണറുടെ നേതൃത്വത്തിലുളള വിദഗ്ധസംഘത്തിന്റെയും നിഗമനം.