സ്മാർട്ട്ഫോണുകളുമായി വന്ന ലോറി കൊള്ളയടിച്ചു; കവര്‍ന്നത് രണ്ടു കോടി വിലവരുന്ന ഫോണുകള്‍

single-img
27 August 2020

ഷവോമി മൊബൈല്‍ നിര്‍മാതാക്കളുടെ രണ്ടു കോടിയോളം രൂപ വിലവരുന്ന സ്മാർട്ട്ഫോണുകളുമായി വന്ന ലോറി ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ കൊള്ളയടിക്കപ്പെട്ടു. ശ്രീപെരുംപുത്തൂരിലെ ഉല്‍പ്പാദന യൂണിറ്റില്‍ നിന്ന് മുംബൈയിലേക്ക് പോയ ലോറിയാണ് ഡ്രൈവറെ കെട്ടിയിട്ട ശേഷം കൊള്ളയടിച്ചതെന്ന് പോലീസ് അറിയിച്ചു.

ഉത്പാദന യൂണിറ്റിൽ നിന്നും പുറപ്പെട്ട ലോറി രാത്രിയോടെ തമിഴ്‌നാട് – ആന്ധ്ര അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ മറ്റൊരു ലോറി വഴിയില്‍ ഇവരെ തടയുകയായിരുന്നു. അതിനു ശേഷം വാഹനത്തിന്റെ ഡ്രൈവറായ ഇര്‍ഫാനെ കെട്ടിയിട്ട്, മര്‍ദിച്ച് അവശനാക്കി പുറത്തേക്ക് എറിഞ്ഞശേഷമാണ് കൊള്ള നടന്നത്.
സംഭവത്തിന് ശേഷം നാട്ടുകാരുടെ സഹായത്തോടെ ഇര്‍ഫാൻ സമീപത്തെ പോലീസ് സ്‌റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇന്ന് രാവിലെ നാരായവനത്തിനും പുത്തുരിനും ഇടയില്‍ ലോറി കണ്ടെത്തി.അതിനു പിന്നാലെ ശ്രീപെരുംപുത്തൂരിലെ കമ്പനിയില്‍ നിന്ന് പ്രതിനിധികള്‍ വൈകുന്നേരം മൂന്നരയോടെ നഗരിയില്‍ എത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ലോറിയിൽ ഉണ്ടായിരുന്ന 16 ബണ്ടില്‍ മൊബൈല്‍ ഫോണുകളില്‍ 8 എണ്ണം നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇവയ്ക്ക് രണ്ടുകോടിയോളം രൂപ വില വരുമെന്ന് അധികൃതർ അറിയിച്ചു. നിലവില്‍ ഡ്രൈവർ ഇര്‍ഫാന്‍ കസ്റ്റഡിയില്‍ ആണെന്നും അന്വേഷണം പുരോഗമിക്കുന്നു എന്നും പോലീസ് പറഞ്ഞു.