മെട്രോ ഉടൻ, സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ

single-img
27 August 2020

കോവിഡ്​ 19നെ തുടർന്ന്​ നിർത്തിവെച്ച കൊച്ചി മെട്രോ സർവീസ് ഉടൻ പുനരാരംഭിക്കും. മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള ഊര്‍ജിത തയാറെടുപ്പുമായി കൊച്ചി മെട്രോ രംഗത്തെത്തിക്കഴിഞ്ഞു. സമയ ക്രമീകരണവും, സര്‍വീസുകളുടെ എണ്ണം കൂട്ടലുമടക്കം നിരവധി മാറ്റങ്ങളുണ്ടാകാനാണ് സാധ്യത.കേന്ദ്ര സർക്കാർ അനുവാദം ലഭിക്കുന്ന മുറയ്ക്ക് സർവീസ് തുടങ്ങുമെന്നും ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായും കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.

കൊച്ചി മെട്രോയുടെ സമയക്രമം രാവിലെ ഏഴിന് തുടങ്ങി രാത്രി എട്ടിന് അവസാന ട്രെയിന്‍ എന്നതാണ് പുതിയ തീരുമാനം. നേരത്തേയിത് രാവിലെ ആറിന് തുടങ്ങി രാത്രി പതിനൊന്നിന് അവസാനിക്കുന്നരീതിയിലായിരുന്നു. വായുസഞ്ചാരം ഉറപ്പാക്കുന്നതിന് എല്ലാ സ്റ്റേഷനുകളിലും വാതിലുകള്‍ ഇരുപത് സെക്കന്‍ഡെങ്കിലും തുറന്ന് ട്രെയിന്‍ നിര്‍ത്തിയിടും.

തിരക്കുകൾ കൂടിയാൽ ഉപയോഗിക്കുന്നതിന് മാത്രമായി രണ്ട് ട്രെയിനുകൾ ആലുവയിലും മുട്ടത്തും സജ്ജമാക്കും. ആലുവയിലും തൈക്കൂടത്തും അഞ്ചുമിനിറ്റും നിര്‍ത്തും. ഇരുപത് മിനിറ്റ് ഇടവേളയില്‍ സര്‍വീസ് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. യാത്രക്കാരുടെ തിരക്ക് കൂടുന്നതിന് അനുസരിച്ച് ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കും. സ്പര്‍ശന രഹിത ടിക്കറ്റിങ് സംവിധാനവും, തെര്‍മല്‍ സ്കാനറും, യാത്രാക്കാര്‍ക്ക് പണം നിക്ഷേപിക്കുന്നതിനുള്ള ബോക്സും എല്ലാ മെട്രോ സ്റ്റേഷനുകളിലും സ്ഥാപിച്ചിട്ടുണ്ട്.

ടിക്കറ്റ് തുകയുടെ ബാക്കി കൗണ്ടറില്‍ സൂക്ഷിച്ചിരിക്കുന്ന പണത്തില്‍നിന്ന് നല്‍കും. ബോക്സില്‍ നിക്ഷേപിക്കുന്ന പണം അണുനശീകരണം നടത്തിയശേഷമേ ഉപയോഗിക്കൂ. കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിമൂന്നിന് മെട്രോ സര്‍വീസ് നിര്‍ത്തിയിരുന്നു. ശീതീകരണ സംവിധാനം ഒഴിവാക്കി ആയിരിക്കും മെട്രോ സർവീസ് പുനഃരാരംഭിക്കുക. അടുത്ത ദിവസം പ്രഖ്യാപിക്കുന്ന നാലാംഘട്ട ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി രാജ്യത്തെ നാല് മെട്രോ സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അൺലോക്ക്​ നാലാംഘട്ടത്തിൻെറ ഭാഗമായാണ്​ മെട്രോ സ്​റ്റേഷനുകൾ തുറക്കു​കയെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതെസമയം ഡൽഹി മെട്രോ സർവിസ്​ പുനരാരംഭിക്കാൻ അനുമതി ആവശ്യപ്പെട്ട്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ ക​ത്തെഴുതിയിരുന്നു. രാജ്യ തലസ്​ഥാനത്തെ കോവിഡ്​ നിയന്ത്രിക്കാൻ കഴിഞ്ഞതായി അവകാശപ്പെട്ടായിരുന്നു ഇത്തരത്തിൽ ആവ​ശ്യം ഉന്നയിച്ചത്​. തുറന്നു പ്രവർത്തിക്കാൻ സജ്ജമാണെന്ന്​ ഡൽഹി മെട്രോയും പ്രതികരിച്ചിരുന്നു. മെട്രോ സർവിസുകൾ അടച്ചിട്ടതോടെ വൻ നഷ്​ടം കമ്പനികൾ നേരിട്ടിരുന്നു. ​ഡൽഹി ​മെട്രോയുടെ മാത്രം നഷ്​ടം 1300 കോടി രൂപ വരും.