ജനം ടിവി മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരെ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

single-img
27 August 2020

തിരുവനന്തപുരം സ്വർണകള്ളക്കടത്ത് കേസിൽ ജനം ടിവി എക്സിക്യീട്ടീവ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പതിനൊന്നു മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വർണം കണ്ടെടുത്ത ദിവസം സ്വപ്നയും അനിൽ നമ്പ്യാരുമായി രണ്ടു തവണ ഫോണിൽ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ ഫോൺ വിളി സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് മൊഴിയും നൽകിയിട്ടുണ്ട്.

സ്വപ്നയുടെ ഈ മൊഴി സംബന്ധിച്ച് വ്യക്തത വരുത്താനാണ് കസ്റ്റംസ് ഉദ്ദേശിക്കുന്നത്. അന്നേ ദിവസമാണ് സ്വപ്ന ഒളിവിൽ പോയത്. സംഭാഷണത്തിലെ വിവരങ്ങൾ സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴിയായി നൽകിയിരുന്നു. ഇക്കാര്യങ്ങൾ കസ്റ്റംസ് അനിൽ നമ്പ്യാരിൽ ചോദിച്ചറിയും. മൊഴികളിൽ പൊരുത്തക്കേടുണ്ടോ എന്നറിയുകയാണ് കസ്റ്റംസിന്റെ പ്രധാന ഉദ്ദേശം.

സ്വപ്നയുമായി പല ഉന്നതരും വലിയ അടുപ്പത്തിലായിരുന്നുവെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. അനിൽ നമ്പ്യാരെ കൂടാതെ സ്വപ്ന സുരേഷുമായി ഫോണിൽ ബന്ധപ്പെട്ട മറ്റു ചിലരേയും വരും ദിവസങ്ങളിൽ കസ്റ്റംസ് ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തും എന്നാണ് സൂചന. ഫോണിൽ ബന്ധപ്പെട്ടവരിൽ ചിലയാളുകൾ ഒളിവിൽ പോകാൻ സ്വപ്ന സുരേഷിന് സഹായം ചെയ്തു നൽകിയെന്നാണ് കസ്റ്റംസിൻ്റെ നിഗമനം.