പ്രളയഫണ്ട് തട്ടിപ്പ് കേസിൽ 588 പേജുകളുള്ള കുറ്റപത്രവുമായി ക്രൈംബ്രാഞ്ച്

single-img
27 August 2020

പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. തട്ടിയെടുത്ത പണം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഈ കേസിൽ 588 പേജുകളുള്ള കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരിക്കുന്നത്. കളക്ടറേറ്റിലെ ജീവനക്കാരനായ വിഷ്ണുപ്രസാദ് പ്രതിയായ രണ്ടാമത്തെ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്.

തട്ടിപ്പിന് വ്യാജ രസീതുണ്ടാക്കിയെന്നും കലക്ടറുടെ വ്യാജ ഒപ്പിട്ടെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. രണ്ടാം കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു. ദുരിതബാധിതര്‍ തിരിച്ചടച്ച തുക കളക്ട്രേറ്റിലെ ജീവനകാരനായ വിഷ്ണുപ്രസാദ് വ്യാജ രസീതുകള്‍ ഉണ്ടാക്കി തട്ടിയെടുത്തു എന്നാണ് പരാതി. 77 ലക്ഷം രൂപയ്ക്കു മുകളിൽ നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. കളക്ട്രേറ്റിലെ മറ്റ് ചില ജീവനക്കാരും തട്ടിപ്പിന് കൂട്ടുനിന്നു എന്ന സംശയത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.

പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മിഷ്ണര്‍ക്കുള്ള നിര്‍ദേശം. കലക്ട്രേറ്റില്‍ നടത്തിയ പരിശോധനയില്‍ ഗുരുതരമായ കൃത്യവിലോപവും ക്രമക്കേടുകളും കണ്ടെത്തിയിരുന്നു. തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മറ്റി അംഗങ്ങളായിരുന്ന എം.എം.അന്‍വര്‍, എന്‍.എന്‍ നിധിന്‍, വിഷ്ണുപ്രസാദ് തുടങ്ങി ഏഴ് പ്രതികളാണ് പിടിയിലായത്.

വിഷ്ണുപ്രസാദ് ഒഴികെ എല്ലാ പ്രതികളും ജാമ്യത്തില്‍ പുറത്തിറങ്ങി, പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 28 ലക്ഷം രൂപ വിഷ്ണുവിന്റെയും സിപിഎം നേതാക്കളുടെയും മറ്റ് ചിലരുടേയും അക്കൗണ്ടുകളിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഏറെ വിവാദമായ പ്രളയ ദുരിതാശ്വാസ തട്ടിപ്പ് കേസിൽ നാളുകൾക്കു ശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.