മുന്നോട്ടു വരൂ, കോവിഡിൽ നിന്നും രക്ഷനേടൂ: വാക്സിൻ പരീക്ഷണത്തിനായി ജനങ്ങളെ സ്വാഗതം ചെയ്ത് റഷ്യ

single-img
27 August 2020

വാക്സിൻ പരീക്ഷണത്തിനു വിധേയരാകാൻ ജനങ്ങളെ സ്വാഗതം ചെയ്ത് റഷ്യ. കൊറോണ വൈറസിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയരാകാനാണ് മോസ്‌കോ മേയര്‍ സെര്‍ഗി സോബ്യാനിന്‍ ജനങ്ങളെ സ്വാഗതം ചെയ്തത്. ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിനെന്ന് വിശേഷിപ്പിക്കുന്ന സ്പുട്‌നിക്-വി മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് തയ്യാറെടുക്കുകയാണ്. മുഷ്യരിൽ പരീക്ഷിക്കുന്നതിനായി ഈ മാസം ആദ്യം തന്നെ റഷ്യ അനുമതി നല്‍കിയിരുന്നു. 

‘വാക്‌സിന് വേണ്ടി നമ്മള്‍ കാത്തിരിക്കുകയായിരുന്നു, ഇപ്പോഴത് നമ്മുടെ കൈവശമുണ്ട്’- . സോബ്യാനിന്‍ പറഞ്ഞു. കൊറോണ വൈറസിനെ തുരത്താനുള്ള യജ്ഞത്തിൻ്റെ ഭാഗമായി വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ മുഖ്യപങ്കാളികളാകാന്‍ മോസ്‌കോയിലെ ജനങ്ങള്‍ക്ക് കിട്ടിയ അസുലഭാവസരമാണിതെന്നും സോബ്യാനിന്‍ കൂട്ടിച്ചേർത്തു. 

അതേസമയം വാക്‌സിന്‍ സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിന്റെ രജിസ്‌ട്രേഷന് ശേഷമുള്ള ആറുമാസക്കാലം 40,000 പേരെ ഉള്‍പ്പെടുത്തിയുള്ള പരീക്ഷണം ലക്ഷ്യമിട്ടിട്ടുണ്ടെന്നുള്ള കാര്യവും സോബ്യാനിന്‍ വ്യക്തമാക്കി. ദീര്‍ഘകാലത്തെ ഗവേഷണഫലമാണ് സ്പുട്‌നികിന്റെ വികസനമെന്നും സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും സ്പുട്‌നിക് ഉപയോഗിക്കാന്‍ ജനങ്ങളെ ക്ഷണിക്കുന്നതിനൊപ്പം സെര്‍ഗി സോബ്യാനിന്‍ സൂചിപ്പിച്ചു. 

ഓഗസ്റ്റ് 11 ന് തൻ്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് വാക്‌സിന്‍ നല്‍കിയതായി വാക്‌സിന് അംഗീകാരം നല്‍കിക്കൊണ്ട് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞിരുന്നു. കൊറോണ വൈറസിനെതിരെ ദീര്‍ഘകാലപ്രതിരോധശേഷി സ്പുട്‌നിക്-വി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. വാക്‌സിന്‍ നല്‍കിയതിന്റെ പാര്‍ശ്വഫലമായി മകള്‍ക്ക് നേരിയ പനിയുണ്ടായെങ്കിലും ശരീരത്തില്‍ വലിയതോതില്‍ ആൻ്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെട്ടുവെന്നും പുടിൻ മാധ്യമങ്ങളോടു വ്യക്തമാക്കി. 

രണ്ട് കൊല്ലത്തോളം നീളുന്ന പ്രതിരോധശേഷി നല്‍കാന്‍ സ്പുട്‌നിക്-വി യ്ക്ക് സാധിക്കുമെന്ന് റഷ്യന്‍ ആരോഗ്യവകുപ്പ് ചൊവ്വാഴ്ച പുറത്തിറത്തിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം ഈ വാക്സിനെ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയരുന്നത്. റഷ്യ അനുമതി നല്‍കിയെങ്കിലും അന്താരാഷ്ട്ര വിദഗ്ധര്‍ക്കിടയില്‍ വാക്‌സിന് സ്വീകാര്യത ലഭിച്ചിട്ടില്ലെന്നുള്ളാണ് യാഥാർത്ഥ്യം. 

വാക്‌സിനിന്റെ സുരക്ഷയും ഗുണഫലവും വ്യക്തമാക്കുന്ന കൃത്യമായ തെളിവുകള്‍ റഷ്യ ഇതുവരെ നല്‍കിയിട്ടില്ലാത്തതിനാല്‍ അതുപയോഗിയോഗിക്കുന്ന കാര്യത്തില്‍ അന്താരാഷ്ട്ര വിദഗ്ധര്‍ക്ക് പ്രോത്സാഹനപരമായ അഭിപ്രായമല്ല ഉള്ളത്. വാക്‌സിന്‍ സംബന്ധിച്ച് റഷ്യയുമായി ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും കൂടുതല്‍ വിവരം ലഭ്യമായിട്ടില്ലെന്ന് ലോകാരോഗ്യസംഘടന കഴിഞ്ഞയാഴ്ച അറിയിച്ചു.

ധൃതി പിടിച്ചുള്ള അംഗീകാരവും വാക്‌സിൻ്റെ കാര്യക്ഷമതയെ കുറിച്ചുള്ള വിശ്വസനീയ വിവരങ്ങള്‍ റഷ്യ നല്‍കാത്തതുമാണ് വാക്സിൻ്റെ വിശ്വാസ്യതയ്ക്കു തിരിച്ചടിയായിരിക്കുന്നത്. ഇത് ശാസ്ത്രമാനദണ്ഡങ്ങള്‍ക്കെതിരാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഒരു വാക്‌സിന്‍ വ്യാപകമായി ഉപയോഗിക്കുന്നതിന് മുമ്പ് 20,000-1,00,000 ആളുകളില്‍ ഉപയോഗിച്ച് സുരക്ഷിതമാണെന്നും ഫലപ്രദമാണെന്നും തെളിയിക്കേണ്ടത് ആവശ്യമാണെന്നുള്ള കാര്യവും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരത്തിലുള്ള കടമ്പകൾ പിന്നിട്ടാൽ മാത്രമേ വാക്സിൻ ലോകവ്യാപകമായി പ്രചരിപ്പിക്കുവാൻ കഴിയുകയുള്ളുവെന്നും വിദഗ്ദർ പറയുന്നു.