കൊവിഡ്: ആശങ്കയുണര്‍ത്തി ആന്‍ഡമാനിലെ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന ഗോത്ര വിഭാഗം

single-img
27 August 2020

ആൻഡമാൻ ദ്വീപുകളിൽ ഗോത്രവർക്കാർക്കിടെയിൽ കൊവിഡ് വൈറസ് പടരുന്നത് ആശങ്കയുയർത്തുന്നു.
നിലവിലെ റിപ്പോർട്ടുകൾ പ്രകാരം വംശനാശത്തിന്റെ അരികിൽ നില്ക്കുന്ന ഗ്രേറ്റ് ആൻഡമാനീസ് ഗോത്രവർഗത്തിലെ പത്ത് പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത്.

ഇതോടെ സംരക്ഷിത വിഭാഗമായ ഈ ഗോത്രവർഗക്കാരുടെ ആരോഗ്യ രംഗത്തെ സുരക്ഷയെ പറ്റി ആരോഗ്യ വിദഗ്ദ്ധർ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. രോഗം സ്ഥിരീകരിച്ച പത്ത് പേരിൽ ആറ് പേർക്ക് ഇപ്പോൾ രോഗം ഭേദമായിട്ടുണ്ട്.

രോഗം മാറിയവർ ഇപ്പോൾ അവരവരുടെ വീടുകളിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിക്കുകയാണ്. ബാക്കിയുള്ളവർ പ്രദേശത്തെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ് ഉള്ളത്. ഭൂമുഖത്താകെ ഏകദേശം 50 ഓളം ആളുകൾ മാത്രമാണ് ഇന്ന് ഗ്രേറ്റ് ആൻഡമാനീസ് ഗോത്രത്തിൽ അവശേഷിക്കുന്നത്.

ആൻഡമാൻ ദ്വീപ സമൂഹത്തിലെ സ്ട്രെയിറ്റ് ഐലൻഡിൽ ജീവിക്കുന്ന ഇവർക്ക് സർക്കാർ നേരിട്ടാണ് താമസസൗകര്യവും ഭക്ഷണവും ലഭ്യമാക്കുന്നത്. അതേസമയം, 4,00,000 പേർ ജീവിക്കുന്ന ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ ഇതേവരെ 2,268 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 37 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതിനെല്ലാം പുറമെ പുറംലോകവുമായി യാതൊരു ബന്ധമില്ലാതെ കഴിയുന്ന സെന്റനലീസ്, ജറാവ തുടങ്ങിയ ഗോത്രങ്ങളുടെ നിലനിൽപ്പും ഇപ്പോൾ ഭീഷണിയിലാണ്. കൊവിഡ് പ്രതോരോധ ഭാഗമായി ജറാവ ഗോത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.

ജറാവ വിഭാഗത്തിലെ ആളുകൾ താമസിക്കുന്ന പ്രദേശത്തേക്ക് പ്രവേശിക്കാൻ കർശനമായ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും വേട്ടക്കാർ ഉൾപ്പെടെ അനധികൃതമായി പലരും ഇവിടേക്ക് കടക്കുന്നു എന്നും ഇതിലൂടെ രോഗം എത്തുന്നു എന്നുമാണ് വിലയിരുത്തപ്പെടുന്നത്. മൂന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് ബ്രിട്ടീഷുകാർ എത്തിയ സമയത്ത് 5,000ത്തിലേറെ ഗ്രേറ്റ് ആൻഡമാനീസ് ഗോത്രവംശജരാണ് സ്ട്രെയിറ്റ് ഐലന്റിൽ ജീവിച്ചിരുന്നത്. ബ്രിട്ടീഷുകാരുടെ അധിനിവേശം മുതൽ മീസിൽസ്, സിഫിലിസ്, ഇൻഫ്ലുവൻസ തുടങ്ങിയ രോഗങ്ങൾ വരെ ഇവരുടെ എണ്ണം ഗണ്യമായി കുറയാൻ ഇടയാക്കിയിട്ടുണ്ട്.

മുൻ കാലഘട്ടങ്ങളിലും പകർച്ചവ്യാധികൾ തന്നെയാണ് ഗ്രേറ്റ് ആൻഡമാനീസ് ഉൾപ്പെടെയുള്ള ഗോത്രവിഭാഗങ്ങളിൽ കൂടുതൽ ആളുകളുടെയും ജീവനെടുത്തത്. അതുകൊണ്ടുതന്നെ കൊവിഡ് കൂടുതൽ ഗ്രേറ്റ് ആൻഡമാനീസ് വംശജരിലേക്ക് പടരാതെ നോക്കാനും ഗോത്രവർഗങ്ങളെ സംരക്ഷിക്കാനും അധികൃതർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നുമാണ് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെടുന്നത്.