സാഹചര്യം ഏതായാലും ഓണം ഉണ്ണുക മലയാളിയുടെ വലിയ ആഗ്രഹം, അതിന് തടസമുണ്ടാകരുത്: മുഖ്യമന്ത്രി

single-img
27 August 2020

സാഹചര്യം ഏതായാലും ഓണം ഉണ്ണുക മലയാളിയുടെ വലിയ ആഗ്രഹമാണെന്നും അതിന് തടസമുണ്ടാകരുത് എന്നും മുഖ്യമന്ത്രി. ആ ആഗ്രഹം സാധിക്കാനാണ് പെൻഷൻ അടക്കം ഈ പഞ്ഞ സമയത്ത് വിതരണം ചെയ്തത് എന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് ഈ ഓണക്കാലത്ത് ശമ്പളവും പെൻഷനും ആനുകൂല്യങ്ങളുമായി 7000 കോടി വിതരണം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.

സർവീസ് പെൻഷൻ 1545 കോടി, സാമൂഹിക സുരക്ഷാ പെൻഷൻ 1170.71, ക്ഷേമനിധി പെൻഷൻ 158.85 കോടി, ഓണക്കിറ്റ് 440, നെല്ല് സംഭരണം 710, ഓണം റേഷൻ 112, കെഎസ്ആർടിസിക്ക് 140.63, ആശ വർക്കർമാർ 24.63, സ്കൂൾ യൂണിഫോം 30 എന്നിവയെല്ലാം ഉൾപ്പെടെയാണ് ഓണത്തോട് അനുബന്ധിച്ച് ഏഴായിരം കോടി വിതരണം ചെയ്തത്.

ഈ ഓണക്കാലത്ത് അവശത അനുഭവിച്ചവർക്ക് പ്രത്യേക സഹായം സർക്കാർ നൽകുന്നുണ്ട്.സംസ്ഥാനത്തെ 287 കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് രണ്ടായിരം രൂപ വീതം എക്സ് ഗ്രേഷ്യ, കിലോയ്ക്ക് 25 രൂപ നിരക്കിൽ പത്ത് കിലോ അരിയും വിതരണം ചെയ്യാൻ 5.72 കോടി അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിലെ തെരഞ്ഞെടുത്ത ബ്ലോക്ക് പ്രദേശത്തും സർക്കാർ പരമാവധി സംരംഭങ്ങൾ ആരംഭിക്കും. അതേപോലെതന്നെ പ്രളയ ബാധിത 14 ബ്ലോക്കുകളിൽ കാർഷിക-ഇതര മേഖലകളിൽ 16800 പുതിയ സംരംഭങ്ങൾ ആരംഭിക്കും. ഏകദേശം 20000 പേർ ഉൾപ്പെടും. ഈ സംരംഭങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും അംഗങ്ങളാകാം.അതേപോലെ തന്നെ 2020-21 സാമ്പത്തിക വർഷത്തിൽ പതിനായിരം യുവാക്കൾക്ക് എറൈസ് പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.