ആഘോഷങ്ങളും പ്രദർശന മേളകളും ഒഴിവാക്കണം; ഓണത്തിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ

single-img
26 August 2020

ഓണം പ്രമാണിച്ച് ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ രണ്ടു വരെ കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾക്കും കടകൾക്കും രാത്രി 9 മണി വരെ തുറന്നു പ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത്ത അറിയിച്ചു. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. കണ്ടെയ്ൻമെന്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാർഗനിർദ്ദേശപ്രകാരം പ്രവർത്തിക്കണം. ഈ ദിവസങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടുള്ള വ്യാപാരം ഉറപ്പുവരുത്താനായി സർക്കാർ വ്യാപാരികളുമായി അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

ഓരോ പ്രദേശത്തും വ്യാപാരസ്ഥാപനങ്ങളുടെ വലിപ്പം അനുസരിച്ചായിരിക്കണം ആളുകളെ അകത്തേക്ക് പ്രവേശിപ്പിക്കേണ്ടത്. ഒരു സമയത്ത് കടകളിൽ പ്രവേശിപ്പിക്കാവുന്നവരുടെ പരമാവധി എണ്ണം വ്യാപാരികൾ പുറത്ത്പ്രദർശിപ്പിക്കണം. സാധനങ്ങള്‍ വാങ്ങാന്‍ കടയിലെത്തുന്നവർക്കും വ്യാപാരികൾക്കും മാസ്ക് നിർബന്ധമാണ്. അതെപോലെ തന്നെ എല്ലാ കടകളിലും സാനിറ്റൈസർ സൂക്ഷിക്കേണ്ടത് നിർബന്ധമാണ്.

ഓണദിവസങ്ങളില്‍ വിപണിയിൽ കൂടുതലായി തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ താൽകാലികമായി കുറച്ചധികം പൊതു മാർക്കറ്റുകൾ തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ സജ്ജീകരിക്കണം. ആളുകള്‍ എല്ലായിടത്തും ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കണം.

ഇത് ഉറപ്പാക്കുന്നതിനായി പരിശീലനം ലഭിച്ചവരുടെ മേൽനോട്ടം ഉണ്ടാകണമെന്നും സര്‍ക്കാര്‍ നിർദേശമുണ്ട്. ഓണത്തിന് ആഘോഷങ്ങളും കൂട്ടം കൂടിയുള്ള സദ്യ വട്ടങ്ങളും പ്രദർശന വ്യാപാര മേളകളും ഒഴിവാക്കണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ഓഫീസുകളില്‍ ഇടുന്ന പൂക്കളങ്ങൾ ഒഴിവാക്കണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന പൂക്കൾ വാങ്ങരുതെന്നും നിർദേശമുണ്ട്.