നീറ്റ്, ജെഇഇ പരീക്ഷ വിഷയത്തിൽ മോദി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

single-img
26 August 2020

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ജെഇഇ, നീറ്റ് പരീക്ഷ, ജിഎസ്ടി എന്നീ വിഷയങ്ങളില്‍ കൂടിയാലോചനകള്‍ക്കായി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെയും സമാന നിലപാടുള്ള സംസ്ഥാന മുഖ്യമന്ത്രിമാരുടെയും യോഗം സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ വിളിച്ചു. കോണ്‍ഗ്രസിന്‍റെ നാല് മുഖ്യമന്ത്രിമാര്‍ക്ക് പുറമെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ എന്നിവരും വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കും.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ യോഗത്തിൽ ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. കൊവിഡ് വ്യാപന സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് നേരത്തെ മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ പരീക്ഷയുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. നാളെ നടക്കുന്ന ജിഎസ്ടി യോഗത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള കുടിശ്ശിക നല്‍കാന്‍ കേന്ദ്രത്തിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതും യോഗം ചര്‍ച്ച ചെയ്യും.

അതേസമയം കോവിഡ് വ്യാപന ഭീതിക്കിടയിലും നീറ്റ്, ജെഇഇ പരീക്ഷകൾ നടത്തുന്നത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നുള്ള നിരന്തരമായ സമ്മർദ്ദം മൂലമാണെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന്റെ നിലപാട്. പരീക്ഷ നീളുന്നതിൽ വിദ്യാർഥികൾ പരിഭ്രാന്തരായിരുന്നു. ജെഇഇ പരീക്ഷയ്ക്കായി അഡ്മിറ്റ് കാർഡ് ഇതിനോടകം ഡൗൺലോഡ് ചെയ്ത 80 ശതമാനം വിദ്യാർഥികളും പരീക്ഷ എഴുതുമെന്നും ഡി.ഡി ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി.’വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് നിരന്തര സമ്മർദ്ദമുണ്ടായിരുന്നു. എന്തുകൊണ്ട് ജെഇഇ, നീറ്റ് പരീക്ഷ നടത്തുന്നില്ലെന്നാണ് അവരുടെ ചോദ്യം. വിദ്യാർഥികൾ ഏറെ പരിഭ്രാന്തരാണ്. ഇനിയും എത്രകാലം കൂടി പഠിക്കണമെന്നാണ് അവർ ചിന്തിക്കുന്നത്’ മന്ത്രി പറഞ്ഞു.

ജെഇഇ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്ത 8.58 ലക്ഷം വിദ്യാർഥികളിൽ 7.25 ലക്ഷം വിദ്യാർഥികളും അവരുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് കഴിഞ്ഞു. ഞങ്ങൾ വിദ്യാർഥികൾക്കൊപ്പമാണ്. അവരുടെ സുരക്ഷയാണ് പ്രധാനം. അതുകഴിഞ്ഞ് മാത്രമാണ് വിദ്യഭ്യാസമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് സാഹചര്യത്തിൽ കർശന സുരക്ഷാ മുൻകരുതൽ നടപടികൾ പാലിച്ചാണ് മെഡിക്കൽ, എൻജിനിയറിങ് പ്രവേശന പരീക്ഷ നടക്കുക. എന്നാൽ ജെഇഇ, നീറ്റ് പരീക്ഷ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ എതിർപ്പ് കേന്ദ്രം ഗൗരവമായി കണക്കാക്കാതെ തങ്ങളുടെ നിലപാടിൽ മുന്നോട്ട് പോവുകയാണ്.