‘വ്യാളിയുടെ പ്രിയപ്പെട്ട ഖാൻ’ ആമിർ ഖാനെ കടന്നാക്രമിച്ച് ആർഎസ്എസ്

single-img
26 August 2020

ബോളിവുഡ് നടൻ ആമിർ ഖാനെ കടന്നാക്രമിച്ച് ആർഎസ്എസ്. മുഖപത്രമായ പാഞ്ചജന്യത്തിലൂടെയാണ് നടനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. തുർക്കി പ്രസിഡന്റ് റെസെപ് എർദോഗന്റെ ഭാര്യ എമിൻ എർദോഗനുമായി ഒരാഴ്ച മുൻപ് ഇസ്താംബൂളിൽ ആമിർ ഖാൻ കൂടിക്കാഴ്ച നടത്തിയതിനെയാണ് ആർഎസ്എസ് ഇപ്പോൾ ചോദ്യം ചെയ്യുന്നത്. കൂടിക്കാഴ്ചയെ വിമർശിച്ച മുഖപത്രം, ചൈനീസ് ഉൽപ്പന്നങ്ങളെ നടൻ പ്രോൽസാഹിപ്പിക്കുന്നെന്നും കുറ്റപ്പെടുത്തി.

വ്യാളിയുടെ പ്രിയപ്പെട്ട ഖാൻ അഥവാ ’Dragon’s favourite ഖാൻ’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ, സ്വാതന്ത്ര്യസമരത്തിന് മുമ്പും ശേഷവും ദേശസ്നേഹ സിനിമകൾ നിർമിക്കപ്പെട്ടിട്ടുണ്ടെന്നു പറയുന്നു. പക്ഷേ ഇപ്പോൾ പാശ്ചാത്യ ലോകത്തിന്റെ സ്വാധീനം സിനിമകളിൽ പ്രകടമാണ്. കഴിഞ്ഞ അഞ്ചാറ് വർഷങ്ങളിൽ ഉറി ദ് സർജിക്കൽ സ്ട്രൈക്ക്, മണികർണിക പോലുള്ള കൂടുതൽ ദേശസ്നേഹ സിനിമകൾ നിർമിക്കപ്പെടുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി മികച്ച കരിയർ നേടിയ 55 കാരനായ ബോളിവുഡ് സൂപ്പർസ്റ്റാറിനെ ഇത് ലേഖനത്തിലൂടെ ലക്ഷ്യമിടുന്നു . സ്വന്തം രാജ്യത്തിലെ പോലെതന്നെ ശത്രുരാജ്യങ്ങളായ ചൈനയുടെയും തുർക്കിയുടെയും അഭിനേതാക്കളും ഇവിടെയുണ്ട്– ആമിറിനെ ലക്ഷ്യമിട്ട് ലേഖനം വിമർശിച്ചു.

തുർക്കിയുടെ പ്രഥമ വനിതയോടൊപ്പം ചിത്രങ്ങളെടുത്ത് ആ രാജ്യത്തിന്റെ ബ്രാൻഡ് അംബാസഡറാകാനാണു ശ്രമിക്കുന്നതെന്നും ലേഖനം പറഞ്ഞു. പുതിയ ചിത്രമായ ‘ലാൽ സിങ് ഛദ്ദ’യുടെ ചിത്രീകരണത്തിനായി ആമിർ ഖാൻ തുർക്കി തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് എമിൻ എർദോഗൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രത്തോടൊപ്പം കുറിച്ചിരുന്നു. മതേതരനാണെന്ന് ആമിർ കരുതുന്നുവെങ്കിൽ, എന്തുകൊണ്ടാണ് അദ്ദേഹം തുർക്കിയിൽ ഷൂട്ട് ചെയ്യുന്നത്?

മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിട്ടുള്ളതും സമൂഹമാധ്യമങ്ങൾ നിരീക്ഷണത്തിലായതുമായ ഒരു രാജ്യത്തെ തിരഞ്ഞെടുത്തത് എന്തിനാണ്? അദ്ദേഹം ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അംഗീകാരം നൽകുന്നു. അതിനാലാണു മറ്റ് അഭിനേതാക്കളുടെ സിനിമകൾ ചൈനയിൽ പരാജയപ്പെടുമ്പോഴും ആമിർ ഖാന്റെ സിനിമകൾ അവിടെ വിജയിക്കുന്നതെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടി. ആമിർഖാന്റെ ലക്‌ഷ്യം മറ്റൊന്നാണ് “ടർക്കിഷ് പ്രഥമ വനിതയോടൊപ്പം ചിത്രങ്ങൾ ക്ലിക്കുചെയ്ത് ഒരു ബ്രാൻഡ് അംബാസഡറാകാൻ അദ്ദേഹം ആഗ്രഹിക്കുന്നു,” ലേഖനം കുറ്റപ്പെടുത്തി.

“താൻ മതേതരനാണെന്ന് ആമിർ ഖാൻ കരുതുന്നുവെങ്കിൽ, എന്തുകൊണ്ടാണ് അദ്ദേഹം തുർക്കിയിൽ ഒരു ഷൂട്ടിംഗ് ആസൂത്രണം ചെയ്യുന്നത്. ‘എന്റെ ഭാര്യ ഭയപ്പെടുന്നു … ഇന്ത്യ അസഹിഷ്ണുതയിലായിരിക്കുന്നു’ എന്ന് അമീർ പറഞ്ഞ അദ്ദേഹത്തിന്റെ അഭിമുഖം ആളുകൾ ഇപ്പോഴും മറന്നിട്ടില്ലായെന്നും വിമർശനമുണ്ട്. ഇത്തരത്തിൽ അമീർഖാനെ ആർഎസ്എസ് മുഖപത്രം കടന്നാക്രമിക്കുകയാണ്.