എന്തിനായിരുന്നു നോട്ട് നിരോധിച്ചത്? 500 രൂപയുടെ കള്ളനോട്ടിൽ വൻ വർദ്ധന

single-img
26 August 2020

കള്ളനോട്ടുകൾ തടയാനെന്ന പേരിൽ രാജ്യത്ത്  നോട്ട് അസാധുവാക്കൽ എന്തിനു നടപ്പിലാക്കിയെന്ന ചോദ്യമുയരുന്നു. നോട്ട് പിൻവലിക്കലിനു ശേഷം പുറത്തിറക്കിയ 500 രൂപ നോട്ടിൻ്റെ വ്യാജപതിപ്പ് കണ്ടെത്തുന്നതിൽ 37.5 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് 2019 ഏപ്രിൽ മുതൽ 2020 മാർച്ചുവരെയുള്ള കാലയളവിൽ 30,054 കള്ളനോട്ടുകളാണ് 500 രൂപയുടേതായി കണ്ടെത്തിയത്. റിസർവ് ബാങ്കിൻ്റെ 2019-’20 വർഷത്തെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 

കള്ള നോട്ടുകളുടെ എണ്ണത്തിൻ്റെ കാര്യത്തിൽ മുൻവർഷമിത് 21,865 ആയിരുന്നു. അതേസമയം, 2000 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തിൽ 22.1 ശതമാനത്തിന്റെ കുറവുണ്ടായതായും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. 21,847 എണ്ണത്തിൽനിന്ന് 17,020 എണ്ണമായാണ് 2000 രൂപയുടെ കള്ള നോട്ടുകൾ കുറഞ്ഞത്.

കള്ള നോട്ടുകളുടെ ചാകര കാലമായിരുന്നു 2019-20 വർഷം. ഇക്കാലത്ത് ആകെ 2,96,695 കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. മുൻവർഷമിത് 3,17,384 എണ്ണമായിരുന്നു. പിടിച്ചെടുത്തതിൽ കൂടുതൽ 100 രൂപാ നോട്ടുകളാണ്. 1,68,739 എണ്ണം നൂറുരൂപാ നോട്ടുകളാണ് വ്യാജൻമാരായി പിടികൂടിയത്. 

മാത്രമല്ല കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്ത് 2000 രൂപ നോട്ട് അച്ചടിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. റിസർവ് ബാങ്കിൻ്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 2000 രൂപ നോട്ടുകളുടെ എണ്ണം 2019 മാർച്ചിലെ 32,910 ലക്ഷത്തിൽനിന്ന് 2020 മാർച്ച് ആകുമ്പോൾ 27,398 ലക്ഷം ആയി കുറഞ്ഞതായാണ് കണക്കുകൾ സൂചലിപ്പിക്കുന്നത്. ഇതോടെ വിപണിയിലുള്ള 2000 രൂപ നോട്ടുകളുടെ മൂല്യം 6.58 ലക്ഷം കോടി രൂപയിൽനിന്ന് 5.47 ലക്ഷം കോടിയായി ചുരുങ്ങിക്കഴിഞ്ഞു. 

വിപണി വിഹിതത്തിൽ 2000 രൂപ നോട്ടുകളുടെ എണ്ണം മൂന്നു ശതമാനത്തിൽനിന്ന് 2.4 ശതമാനമായി താഴ്ന്നിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. 

500 രൂപ നോട്ടുകൾ ആവശ്യത്തിലധികം ആവശ്യക്കാരുടെ കെെകളിലെത്തി. 2,15,176 ലക്ഷത്തിൽനിന്ന് 2,94,475 ലക്ഷമായാണ് 500 രൂപ നോട്ടുകളുടെ എണ്ണം വർദ്ധിച്ചത്. മൂല്യമാകട്ടെ 10.75 ലക്ഷം കോടിയിൽനിന്ന് 14.72 ലക്ഷം കോടി രൂപയിലെത്തി. വിപണി വിഹിതം മുൻവർഷത്തെ 19.8 ശതമാനത്തിൽനിന്ന് 25.4 ശതമാനമായി കൂടുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. 

2019 ജൂലായ് ഒന്നുമുതൽ 2020 ജൂൺ 30 വരെ നോട്ട് അച്ചടിക്കായി 4377.84 കോടി രൂപയാണ് ചെലവായത്. മുൻവർഷമിത് 4810.67 കോടി രൂപയായിരുന്നു. മാർച്ച് അവസാനംവരെ വിപണിയിലുള്ള കറൻസികളുടെ എണ്ണം 11,59,768 ലക്ഷമാണ്. ഇവയുടെ ആകെ മൂല്യം 24,20,975 കോടി രൂപയുമാണ്. 

കണ്ടെത്തിയ കള്ളനോട്ടുകളുടെ എണ്ണം ഇപ്രകാരമാണ്. 50 രൂപ കള്ള നോട്ടുകളുടെ എണ്ണം 2018-19 കാലയളവിൽ 36875 ആയിരുന്നത് 2019-20 കാലയളവിൽ 47454 എണ്ണമായി വർദ്ധിച്ചു. 100 രൂപ നോട്ടുകൾ യഥാക്രമം 221218 എണ്ണമായിരുന്നത് 168739 ആയി കുറയുകയാണ് ചെയ്തിരിക്കുന്നത്. 12728 എണ്ണമായിരുന്നു 2018–19 കാലയളവിൽ 200 രൂപയുടെ കള്ള നോട്ടുകൾ ഉണ്ടായിരുന്നത്. അത് 19-20 കാലയളവിൽ 31969 ആയി വർദ്ധിക്കുകയാണ് ചെയ്തിരിക്കുന്നത്. 500 രൂപയുടെ നോട്ടുകൾ യഥാക്രമം 21865 ആയിരുന്നത് 30054 ആയി വർദ്ധിച്ചു. 2000 രൂപയുടെ നോട്ടുകൾ 21847 ൽ നിന്നും 17020 ആയി കുറയുകയും ചെയ്തു. 

ആത്യന്തികമായി ഇപ്പോഴും ആ ചോദ്യം ഉയർന്നു തന്നെ നിൽക്കുകയാണ്. എന്തനായിരുന്നു അന്ന് നോട്ട് നിരോധിച്ചത്?