കോവിഡ് ചട്ടം പാലിച്ചാൽ നേടാം പൊലീസിന്റെ വക ഓണക്കോടി

single-img
26 August 2020

തൃശൂർ നഗരത്തിൽ വേറിട്ട ബോധവൽക്കരണവുമായി പൊലീസ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണം ഷോപ്പിങ്ങിന് ഇറങ്ങുന്നവര്‍ക്ക് പൊലീസിന്റെ വക ഓണക്കോടി ഫ്രീ . ഓണത്തിരക്കില്‍ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നത് ഉറപ്പുവരുത്താനാണ് പൊലീസിന്റെ ഈ വേറിട്ട ക്യാംപയിന്‍ ലക്ഷ്യമിടുന്നത്. ‘മാസാണ് തൃശൂര്‍, മാസ്കാണ് നമ്മുടെ ജീവന്‍’ എന്ന പേരിട്ടാണ് തൃശൂര്‍ സിറ്റി പൊലീസിന്റെ ഓണം ക്യാംപയിന്‍. ഓണത്തിരക്കില്‍ മാസ്ക്ക് മറന്നു പോകാതിരിക്കാനാണ് ഇത്തരത്തിലൊരു ഓര്‍മപ്പെടുത്തല്‍. നഗരത്തിന്റെ എല്ലായിടത്തും പ്രത്യേക ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഇതിനെല്ലാം പുറമെ, നിയമം പാലിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഓണക്കോടി സമ്മാനവും. മാസ്ക്കും കയ്യുറകളും ധരിച്ച് ഷോപ്പിങ്ങിന് ഇറങ്ങുന്നവര്‍ക്കു ചിലപ്പോള്‍ പൊലീസിന്റെ ഓണക്കോടി സമ്മാനം ലഭിച്ചേക്കാം. നഗരത്തില്‍ പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് സമ്മാനര്‍ഹരെ തിരഞ്ഞെടുക്കുന്നത്. മാസ്ക്ക് ക്യാംപയിന്റെ ഉദ്ഘാടനം സിറ്റി പൊലീസിന്റെ ഫെയ്സ്ബുക് പേജിലൂടെയായിരുന്നു. പതിവില്‍ നിന്ന് മാറി വ്യത്യസ്തമായ ഗ്രാഫിക്സും അവതരണവും കൊണ്ട് വ്യത്യസ്തമായിരുന്നു പൊലീസിന്റെ ഫെയ്സ്ബുക്ക് പേജ്.

കൊവിഡ് കാലത്തെ ഓണമെന്ന വലിയ പ്രതേകതയുണ്ട് ഇത്തവണത്തെ ഓണത്തിന് . ലോകം മുഴുവനും കൊവിഡ് 19 വൈറസിന്‍റെ പിടിയിലാണ്. മഹാമാരിയോട് പോരുകയാണ് നമ്മുടെ കേരളവും .രാജ്യങ്ങളായ രാജ്യങ്ങളെല്ലാം മഹാമാരിയെ തടയാന്‍ മറ്റ് മാര്‍ഗ്ഗമില്ലാതെ ലോക്ഡൗണിലേക്ക് നീങ്ങിയ കാഴ്ച ഇതിനോടകം നമ്മൾ കണ്ടു . പല രാജ്യങ്ങളിലും ഇന്നും പരിമിതമായി മാത്രമേ ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കിയിട്ടുള്ളൂ. ഇന്ത്യയിലും നിയന്ത്രണങ്ങളോടെയുള്ള ഇളവുകളാണ് നിലവിലുള്ളത്. ഇതിനിടെ ഉണ്ടായ എല്ലാ ആഘോഷങ്ങളും പലയിടത്തും കര്‍ശനമായി നിയന്ത്രിക്കുകയോ പലപ്പോഴും ഒഴിവാക്കപ്പെടുകയോ ചെയ്തു. എന്നാല്‍ കേരളത്തില്‍ ഓണക്കാലമാകുമ്പോഴേക്കും ലോക്ഡൗണില്‍ അത്യാവശ്യ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട് കഴിഞ്ഞിരുന്നു.

ജനങ്ങള്‍ വീടുകളില്‍ നിന്ന് നഗരങ്ങളിലേക്ക് ഇറങ്ങിത്തുടങ്ങി. പക്ഷേ അപ്പോഴേക്കും കുറഞ്ഞ പ്രതിദിന രോഗബാധിത നിരക്കുകള്‍ ആയിരം കടന്ന കാഴ്ചയും കേരളം കണ്ടു. രോഗികളുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ദ്ധനവ് ഉണ്ടയതോടെ സര്‍ക്കാര്‍ ഓണാഘോഷത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഒറ്റവാക്കിൽ പറഞ്ഞാൽ ഈ മഹാമാരിക്കാലത്തും കാണം വിറ്റും മലയാളി ഓണമുണ്ണും, പക്ഷേ, അതിരുകടക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം മറക്കരുതെന്ന് മാത്രം .