ഭർത്താവിനോട് പിണങ്ങി പുഴയിൽ ചാടി; നാട്ടുകാരെ മുഴുവൻ ആശങ്കയിലാക്കിയ യുവതിയെ തെങ്ങിൻ തോപ്പിൽ കണ്ടെത്തി

single-img
26 August 2020

മലപ്പുറം: ഭർത്താവിനോട് പിണങ്ങി പുഴയിൽ ചാടിയ യുവതിയെ പിന്നീട് തെങ്ങിൻ തോപ്പിൽ കണ്ടെത്തി. രാത്രി മുഴുവൻ നട്ടുകാരെയും പൊലീസിനെയും ആശങ്കയിലാക്കിയ സംഭവത്തിനാണ് ഇതോടെ വിരാമമായത്.

എടവണ്ണയ്ക്കടുത്തുള്ള ഒതായി ആര്യൻ തൊടിക കടവിലാണ് ഭർത്താവുമായി പിണങ്ങി വീട്ടിൽ നിന്നിറങ്ങിപ്പോയ യുവതി പുഴയിൽ ചാടിയത്. തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് കടവിലെത്തിയ യുവതി ബാഗും മറ്റും വലിച്ചെറിഞ്ഞശേഷം പുഴയിലേക്ക് ചാടുന്നത് കടവിലുണ്ടായിരുന്ന ഓട്ടോ ഡ്രൈവറാണ് കണ്ടത്. തുടർന്ന് സമീപവാസികളടക്കം എത്തി തിരച്ചിൽ തുടങ്ങി.

എടവണ്ണ സിഐ എം.ബി.സിബിന്റെ നേതൃത്വത്തിലുള്ള പൊലീസും തിരുവാലിയിൽനിന്ന് അഗ്നിശമന സേനയും എത്തി. ഇതിനിടെ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി യുവതിയുടെ ഭർത്താവ് എടവണ്ണ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. രാത്രി 10 മണി വരെ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല.

ഇന്നലെ രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് യുവതിയെ അടുത്തുള്ള തെങ്ങിൻതോപ്പിൽ കണ്ടെത്തിയ വിവരം അറിഞ്ഞത്. താൻ പുഴയിൽ ചാടിയെങ്കിലും തിരിച്ചുനീന്തി സമീപത്തെ തെങ്ങിൻ തോപ്പിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ഭർത്താവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് യുവതിയെ വിഡിയോ കോൺഫറൻസിലൂടെ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. തുടർന്ന് ഭർത്താവിന്റെ കൂടെ വിട്ടയച്ചു.