ആത്മനിര്‍ഭര്‍ ഭാരത്: ഇറക്കുമതി നിര്‍ത്തി പ്രതിരോധ മേഖലയ്ക്കുള്ള ആയുധങ്ങള്‍ സ്വന്തമായി നിര്‍മ്മിക്കും: രാജ്‌നാഥ് സിംഗ്

single-img
26 August 2020

ഓരോ വര്‍ഷവും വന്‍ തുക ചെലവഴിക്കുന്ന രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ സ്വയം പര്യാപ്തത ഉറപ്പാക്കാന്‍ ഇറക്കുമതി നിരോധനത്തിന് വിധേയമാകുന്ന ആയുധങ്ങളുടെയും വെടിമരുന്നുകളുടെയും രണ്ടാമത്തെ പട്ടിക പ്രതിരോധ മന്ത്രാലയം പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഇത്തരത്തില്‍ ഇറക്കുമതി അവസാനിപ്പിക്കുന്നതിലൂടെ രാജ്യത്തിന് പ്രതിരോധ മേഖലയില്‍ ആവശ്യമായ വന്‍ തോതിലുള്ള ആയുധങ്ങള്‍ ഉള്‍പ്പടെയുള്ളവ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനുള്ള ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായാണ് പട്ടിക വരുന്നത്.

2020 അവസാനത്തോടെ ആയുധങ്ങളുടെ പട്ടിക പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ തീരുമാനം പൂര്‍ണമായും നടപ്പാക്കാനാണ് നീക്കം. സൈന്യത്തിന് ആവശ്യമായ പീരങ്കി തോക്കുകള്‍, നൂതന അന്തര്‍വാഹിനികള്‍, വളരെ ഭാരം കുറഞ്ഞ യുദ്ധവിമാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ആയുധങ്ങളും ഉപകരണങ്ങളും ഇനങ്ങള്‍ ഈ പട്ടികയില്‍ഇടംനേടി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

രാജ്യത്തിന്റെ ഉള്ളില്‍ പ്രതിരോധ ഉല്‍പാദന ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള നടപടികള്‍ നടപ്പിലാക്കാന്‍ നിരവധി തദ്ദേശീയ ആയുധ നിര്‍മ്മാതാക്കള്‍ കേന്ദ്ര സര്‍ക്കാരിനെ ഇപ്പോള്‍ തന്നെ പ്രേരിപ്പിക്കുന്നുണ്ട്.വരുന്ന ആറോ ഏഴോ വര്‍ഷത്തിനുള്ളില്‍ ഏകദേശം നാല് ലക്ഷം കോടി രൂപയുടെ കരാര്‍ രാജ്യത്തെ സ്ഥാപനങ്ങളുമായി ഒപ്പിടാനാണ് സര്‍ക്കാര്‍ നീക്കം.